Categories: latest news

എനിക്ക് ലഭിച്ച വലിയ അംഗീകാരം; അന്‍സിബ

അമ്മ സംഘടനയിലെ നേതൃനിരയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസന്‍. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ഭരണ നേതൃത്വത്തിലേക്ക് ശക്തവും കരുണയും ആര്‍ജ്ജവവുമുള്ള യുവനിര വരട്ടെയെന്നും അന്‍സിബ ആശംസിച്ചു. അന്‍സിബ നേതൃത്വത്തിലേക്ക് വരണമെന്ന് മാല പാര്‍വ്വതി പ്രതികരിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അന്‍സിബ ഹസ്സനെ പ്രതികരണം. എന്റെ ജീവിത യാത്രയില്‍ എനിക്ക് ലഭിച്ച വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കുറിക്കുന്നു അന്‍സിബ ഹസ്സന്‍.

താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് അന്‍സിബ വരണമെന്ന് നടി മാല പാര്‍വതി അഭിപ്രായപ്പെട്ടിരുന്നു. അമ്മയെ യുവാക്കള്‍ നയിക്കട്ടെ. ഭരണ സമിതിക്കു കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായി. അന്‍സിബ യോഗത്തില്‍ വ്യക്തമായി സംസാരിച്ചതിന് ശേഷം, രണ്ടഭിപ്രായം ഉള്ളവര്‍ ഒന്നായി. അന്‍സിബയുടെ ചോദ്യങ്ങള്‍ക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല എന്നും മാല പാര്‍വതി പറഞ്ഞു.

മിനിയാന്ന് വാര്‍ഷിക ബോഡിയിലെ തര്‍ക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചിരുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ തുടങ്ങി എല്ലാ അം?ഗങ്ങളും രാജിവെച്ചു. തുടര്‍ന്ന് അമ്മയില്‍ വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. പാലക്കാട് എം എല്‍ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപികരിച്ചത്. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ നടന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുന്‍ മന്ത്രി ഗണേഷ് കുമാറടക്കം അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് താര സംഘടന കടക്കും.

മിനിയാന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തര്‍ക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാല്‍ തന്നെ ബി ജെ പിക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ വെളിപ്പെടുത്തി. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago