Categories: latest news

ശ്രീനിവാസന്‍ കൂടെയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്; സത്യന്‍ അന്തിക്കാട്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും താന്‍ സങ്കല്‍പിച്ചിട്ടില്ലെന്നും അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ആ നിമിഷങ്ങളിലൂടെ കടന്നുപോയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗവര്‍ണറില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങുന്നതിന്റെ ചിത്രത്തിനൊപ്പമാണ് സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്.

അതോടൊപ്പം അന്തരിച്ച നടന്‍ ശ്രീനിവാസനെയും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ കൂടെയുണ്ടാകുമ്പോഴാണ് താന്‍ പൂര്‍ണനാകുന്നത് എന്നു തോന്നിയിട്ടുണ്ടെന്നും ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കല്‍പിക്കുകയും ചെയ്യുന്നുവെന്നും സംവിധായകന്‍ കുറിച്ചു. ‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ക്ലാസില്‍ വച്ച്, ചില അധ്യാപകര്‍ ചോദിക്കുമായിരുന്നു; വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന്.

കൂടുതല്‍ പേരും പറയുക ഡോക്ടര്‍ ആകണമെന്നാണ്. വേറെ ചിലര്‍ക്ക് എന്‍ജിനീയര്‍ ആകണം… ടീച്ചര്‍ക്കു വിഷമം തോന്നാതിരിക്കാന്‍ അധ്യാപകനാകാനാണ് ഇഷ്ടം എന്ന് പറയുന്നവരുണ്ട്. ഡോക്ടര്‍ എന്ന പേരിനോടു പേടി കലര്‍ന്ന ബഹുമാനമായിരുന്നു എനിക്ക്. പനിയും ചുമയുമൊക്കെ വന്ന് ആശുപത്രിയില്‍ പോകേണ്ടി വരുമ്പോള്‍ സ്റ്റെതസ്‌കോപ്പ് വച്ച് ഡോക്ടര്‍ പരിശോധിക്കും.

അപ്പോള്‍ നെഞ്ചിടിപ്പ് കൂടും. കുറച്ചുകൂടി വളര്‍ന്നപ്പോഴാണ് ചികിത്സിക്കാത്ത ഡോക്ടര്‍മാരും ഉണ്ടെന്ന് മനസ്സിലാകുന്നത്. പിഎച്ച്ഡി എന്ന ബിരുദത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ഗവേഷണം നടത്തി വര്‍ഷങ്ങളോളം പഠിച്ച് എഴുതി നേടിയെടുക്കുന്നതാണ് ആ പദവി. എന്റെ ചിന്താമണ്ഡലത്തിലൊന്നും അത്തരം ബിരുദങ്ങള്‍ ഉണ്ടായിരുന്നില്ല.

തിരിച്ചറിവ് ഉണ്ടായപ്പോള്‍ മുതല്‍ എനിക്ക് ഒരൊറ്റ സ്വപ്നമേയുള്ളൂ. അത് സിനിമയാണ്. തൃശൂര്‍ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തില്‍, പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത വീട്ടില്‍ ജനിച്ച എനിക്ക് അങ്ങനെയൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴുമറിഞ്ഞുകൂടാ. സിനിമ അങ്ങു ദൂരെ മദിരാശിയില്‍ രൂപം കൊള്ളുന്ന ഒരു അത്ഭുതകലയായിരുന്നു. ആ രംഗവുമായി ബന്ധമുള്ള ഒരാളെപ്പോലും അന്നു നേരിട്ടു കണ്ടിട്ടില്ല.

എന്നിട്ടും സ്വപ്നത്തോടൊപ്പം യാത്ര ചെയ്ത് ഞാന്‍ സിനിമയിലെത്തുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലെ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ നിന്ന്, ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോള്‍ ഞാനെന്റെ മക്കളോടു ചോദിച്ചു; എനിക്കതിനുള്ള അര്‍ഹതയുണ്ടോ മൂന്ന് ആണ്‍മക്കളാണെനിക്കുള്ളത്.

മൂന്നു പേരും ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്. എന്റെ ഭാര്യ നിമ്മിയുടെ കൈയിലുമുണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്. മക്കള്‍ പറഞ്ഞു: ഞങ്ങളൊക്കെ അധ്യാപകര്‍ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചിട്ടാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്. അച്ഛന്‍ വിഷയങ്ങള്‍ സ്വയം കണ്ടെത്തുകയും അതു പ്രേക്ഷകരുടെ മനസ്സില്‍ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്. അഭിമാനപൂര്‍വ്വം ഈ ബഹുമതി കൈപ്പറ്റണം. ആ ധൈര്യത്തിലാണ് ഞാന്‍ ആ വേദിയില്‍ നിന്നത്.

ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും ഞാന്‍ സങ്കല്‍പിച്ചിട്ടില്ല. അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ഞാനാ നിമിഷങ്ങളിലൂടെ കടന്നുപോയത്. പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടു പേരെ എനിക്ക് ഓര്‍മിക്കാനുണ്ട്. എഴുത്തിന്റെ വഴിയില്‍ എനിക്കു വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണി മാഷ്. സിനിമയുടെ വാതിലുകള്‍ എന്റെ മുന്നില്‍ തുറന്നു തന്ന ഗുരുനാഥന്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍. ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം തന്ന സംവിധായകരായ ഹരിഹരന്‍, ചന്ദ്രകുമാര്‍, ജേസി… എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്ന ശ്രീനിവാസന്‍.

ശ്രീനിവാസന്‍ കൂടെയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തില്‍ നിന്നാണ് സന്ദേശം, വരവേല്‍പ്, തലയണമന്ത്രം, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസന്‍ എന്നോടൊപ്പം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനസ്സില്‍, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കല്‍പിക്കുകയും ചെയ്യുന്നു.

എല്ലാ മേഖലയിലും ഉള്ളതുപോലെ സിനിമയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഞാന്‍ സംവിധാനം പഠിക്കാന്‍ തുടങ്ങിയ കാലത്ത് സിനിമ 35 എംഎമ്മിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമായിരുന്നു. പിന്നിടത് കളറായി, സിനിമാസ്‌കോപ്പായി….. ഇപ്പോള്‍ ഫിലിം പോലുമില്ലാതായി. പകരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നു. സിനിമയുടെ ആഖ്യാനരീതികള്‍ മാറി. പാട്ടുകളുടെ സ്വഭാവം മാറി.

മാറ്റം അനിവാര്യമാണ്. പഴയതു മാത്രമാണു ശരി എന്ന് പറയുന്നതില്‍ ഒരു അര്‍ഥവുമില്ല. പക്ഷേ, മാറാത്ത ഒന്നുണ്ട്; അതു സിനിമയുടെ ആത്മാവാണ്. നമ്മുടെ വികാരങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. സ്‌നേഹം, ത്യാഗം, പ്രണയം, വിരഹം, പക… ഇതൊക്കെ മനുഷ്യന്റെ സ്വാഭാവിക വികാരങ്ങളാണ്. ഇന്നും സിനിമയില്‍ മാറ്റമില്ലാതെ അതു പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ട്.

വികെഎന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്; ”ശാസ്ത്രം എത്ര പുരോഗമിച്ചാലും ഗണിതശാസ്ത്രത്തിനു മാത്രം ഒരു മാറ്റവും വരില്ല എന്ന്. പണ്ടും ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാണ്; ഇന്നും അങ്ങനെ തന്നെ.” കുഞ്ചന്‍ നമ്പ്യാര്‍ക്കും വികെഎന്നിനും എന്തും പറയാമല്ലോ! സിനിമയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി എത്ര വളര്‍ന്നാലും മനസ്സിനെ സ്പര്‍ശിക്കുന്ന ആശയം ഇപ്പോഴും പ്രാധാന്യമേറിയതാണ്. അതെങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.

ഞാനെപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീട്ടില്‍ത്തന്നെ രണ്ടു യുവസംവിധായകര്‍ ഉള്ളതുകൊണ്ട് ജനറേഷന്‍ ഗ്യാപ്പ് കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ഇന്നും സജീവമായി ഈ രംഗത്ത് തുടരാന്‍ സാധിക്കുന്നത് അദ്ദേഹം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

5 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

5 hours ago

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, തുറന്ന് പറഞ്ഞ് ദിലീപ്

മലയാള സിനിമയുടെ തിളക്കമാര്‍ന്ന വെള്ളിവെളിച്ചത്തിന് പിന്നില്‍ ഒരിക്കലും…

15 hours ago

ഞങ്ങളുടെ ചിരിയും കൊണ്ടാണ് അവള്‍ പോയത്: കല്‍പ്പനയെ ഓര്‍ത്ത് കലാരഞ്ജിനി

മലയാള ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ തനത് ശൈലികൊണ്ട്…

15 hours ago