Categories: latest news

രണ്‍വീര്‍ സിങ്ങിനെ വിലക്കി ബോളിവുഡ് സിനിമ സംഘടന

മുംബൈ: നടന്‍ രണ്‍വീര്‍ സിങ്ങിനെ വിലക്കി ബോളിവുഡ് സിനിമ സംഘടന. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ഡോണ്‍ 3’ എന്ന ചിത്രത്തില്‍ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ താരം പിന്മാറിയതിലാണ് കടുത്ത നടപടി. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസാണ് (എഫ്ഡബ്ല്യുഐസിഇ) വിലക്കേര്‍പ്പെടുത്തിയത്.

വിശദീകരണം തേടി മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും താരം സഹകരിച്ചില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംഘടന വ്യക്തമാക്കി. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഇതുവരെ ചിലവായ 45 കോടി രൂപ രണ്‍വീര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ ലൊക്കേഷന്‍ പരിശോധനയും തിരക്കഥാ ചര്‍ച്ചകളും പ്രൊമോ ഷൂട്ടിംഗും രണ്‍വീറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും, അതിനാല്‍ പെട്ടെന്നുള്ള പിന്മാറ്റം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായും നിര്‍മാതാക്കള്‍ സംഘടനയെ അറിയിച്ചു. അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ സംഘടനയ്ക്ക് അധികാരമില്ലെന്നാണ് രണ്‍വീര്‍ സിംഗിന്റെ സെക്രട്ടറി ഇമെയില്‍ വഴി സംഘടനയ്ക്ക് നല്‍കിയ മറുപടി.

നടന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഒരു സൂപ്പര്‍താരവും നിയമത്തിന് മുകളിലല്ലെന്നും എഫ്ഡബ്ല്യുഐസിഇ പ്രസിഡന്റ് ബി.എന്‍ തിവാരി പറഞ്ഞു. നടന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത് വരെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഒരു പ്രോജക്റ്റുകളുമായും ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രവര്‍ത്തകരും തൊഴിലാളികളും സഹകരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി അശോക് ദുബെ വ്യക്തമാക്കി.

അയ്യായിരത്തിലധികം അംഗങ്ങളും 32 അനുബന്ധ യൂണിയനുകളുമുള്ള എഫ്ഡബ്ല്യുസിഇയുടെ വിലക്ക് രണ്‍വീര്‍ സിങ്ങിന് വലിയ തിരിച്ചടിയാകും. നിര്‍മാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും വലിയ നഷ്ടമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ മറ്റു നിര്‍മാതാക്കളുടെ സംഘടനകളും ഒപ്പം നില്‍ക്കണമെന്ന് എഫ്ഡബ്ല്യുഐസിഇ അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷം 3000 കോടിയിലധികം കളക്ഷന്‍ നേടിയ ‘ധുരന്ധര്‍’ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച താരമാണ് രണ്‍വീര്‍ സിങ്. താരപദവിയെ ബഹുമാനിക്കുമ്പോഴും സിനിമ ഇന്‍ഡസ്ട്രിയോട് അനാദരവ് കാണിക്കുന്ന ഇത്തരം നിലപാടുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്ഡബ്ല്യുഐസിഇ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago