Categories: Reviews

ഇത് മോഹന്‍ലാലിന്റെ തിരിച്ചുവരവ്; നേരിന് മികച്ച പ്രതികരണം (റിവ്യു)

ആദ്യദിനം മികച്ച പ്രതികരണങ്ങളുമായി മോഹന്‍ലാല്‍ ചിത്രം നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ കുറ്റകൃത്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പതിവില്‍ നിന്നു വിപരീതമായി പ്രതി ആരെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിച്ചുതരുന്നു സംവിധായകന്‍ ജീത്തു ജോസഫ്. പീഡനത്തെ അതിജീവിച്ചവള്‍ തോറ്റു പോകുകയും പ്രതി ജയിച്ചു നില്‍ക്കുകയും ചെയ്യുന്നിടത്തേക്കാണ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി മോഹന്‍ലാലിന്റെ അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രം എത്തുന്നത്. നാടെങ്ങും ചര്‍ച്ചയായ കേസ് കോടതിയിലെത്തുകയും തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളുമാണ് നേരിന്റെ പ്രധാന പ്ലോട്ട്.

നേരിന്റെ ആദ്യ റിവ്യു റിലീസിനു മുന്‍പ് ജീത്തു ജോസഫ് തന്നെ പറഞ്ഞു കഴിഞ്ഞു. ‘നേര്’ മറ്റൊരു ദൃശ്യമോ, ത്രില്ലറോ അല്ല. ജീത്തു പറഞ്ഞതുപോലെ ഇതൊരു കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയാണ്. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കും പീഡനത്തെ അതിജീവിച്ചവരുടെ മാനസിക വ്യാപാരങ്ങള്‍ക്കുമാണ് സിനിമയില്‍ സ്ഥാനമുള്ളത്. അനാവശ്യ ട്വിസ്റ്റുകളോ സസ്പെന്‍സുകളോ സിനിമയില്‍ ഇല്ല. വളരെ ഗൗരവമുള്ള ഒരു വിഷയത്തെ എല്ലാവിധ പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാവുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജീത്തുവിനൊപ്പം അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയ്ക്കുള്ള തിരക്കഥയില്‍ ഒരു അഭിഭാഷകയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ട്.

Mohanlal in Neru Film

കോര്‍ട്ട് റൂം ഡ്രാമയെന്ന നിലയില്‍ ആദ്യ പകുതി മികച്ച തിയറ്റര്‍ എക്സ്പീരിയന്‍ സമ്മാനിക്കുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ചിലയിടങ്ങളില്‍ സിനിമ ഓവര്‍ ഡ്രമാറ്റിക്ക് ആകുകയും ആദ്യ പകുതിയില്‍ ഉണ്ടായിരുന്ന ചടുലത നഷ്ടമാകുകയും ചെയ്യുന്നുണ്ട്. അപ്പോഴും മോഹന്‍ലാലിന്റെ പ്രകടനവും ക്ലൈമാക്സും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. സാങ്കേതികതയിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ ഉപയോഗിക്കുന്നതിലും സംവിധായകന്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു എന്നതൊഴിച്ചാല്‍ നേര് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയന്‍ തന്നെയാണ്.

മോഹന്‍ലാലിലെ അഭിനേതാവിനെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളികള്‍ക്ക് തിരിച്ചുകിട്ടുന്നത്. സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. തോറ്റു പോകുന്നവന്റെ നിസഹായതയും നേര് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉത്സാഹവും ലാലില്‍ ഭദ്രം..!

അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് നേരിലെ സാറ. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ സിനിമയുമായി ഇമോഷണലി കണക്ട് ചെയ്യുന്നതില്‍ അനശ്വരയുടെ പ്രകടനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റൊരു അഭിനേത്രിയേയും ഈ കഥാപാത്രത്തിലേക്ക് മനസില്‍ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് സാധിക്കാത്ത വിധമാണ് അനശ്വര സാറയെ ഉള്‍ക്കൊണ്ടിരിക്കുന്നത്. സിദ്ധിഖ്, പ്രിയാ മണി, ഗണേഷ് കുമാര്‍, ജഗദീഷ്, ശാന്തി മായാദേവി, ശ്രീധന്യ തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ചുനിന്നു.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി അനുശ്രീ

നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…

4 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

5 hours ago

പുത്തന്‍ ഗെറ്റപ്പുമായി പാര്‍വതി

പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…

5 hours ago

സാരിച്ചിത്രങ്ങളുമായി മിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago