latest news
അനശ്വരക്ക് തെലുങ്കില്‍ മികച്ച ഭാവി; ചിരഞ്ജീവി
മലയാളി താരം അനശ്വര രാജനെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. അനശ്വര മികച്ച അഭിനേത്രിയാണെന്നും താരത്തിന്റെ ചിരിയില്‍ നിഷ്‌കളങ്കതയും പരിശുദ്ധിയും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. അനശ്വരയുടെ പുതിയ തെലുങ്ക് ചിത്രം ‘ഇറ്റ്‌ലു അര്‍ജുന’യുടെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.
അനശ്വരയ്‌ക്കൊപ്പം താന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും അവരുടെ പ്രകടനം ഏറെ ഇഷ്ടമാണെന്നും ചിരഞ്ജീവി പറഞ്ഞു. ‘അനശ്വര രാജന്‍ ഇപ്പോള്‍ എനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അവര്‍ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ്. പ്രത്യേകിച്ച് അവരുടെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ചിരിയില്‍ നിഷ്‌കളങ്കതയും പരിശുദ്ധിയും കാണാനാകും. വളരെ മികച്ച രീതിയില്‍ അഭിനയിക്കുന്ന താരമാണ് അനശ്വര,’ ചിരഞ്ജീവി പറഞ്ഞു.
ചടങ്ങില്‍ അനശ്വരയെക്കുറിച്ച് സംസാരിച്ചപ്പോള്‍ സദസില്‍നിന്ന് ഉയര്‍ന്ന ആര്‍പ്പുവിളികളും ചിരഞ്ജീവിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘കാക്ക’ എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചിരഞ്ജീവി വ്യക്തമാക്കി.
‘കാക്ക’യെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് സിനിമയുടെ വിവരങ്ങള്‍ പുറത്താകും. അതുകൊണ്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ല. ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംക്രാന്തി റിലീസായാണ് ചിത്രം ആലോചിക്കുന്നത്. നേരത്തെയും ‘കതിരി കാളിദാസ്’ എന്ന സിനിമയുടെ വിവരങ്ങള്‍ തന്റെ ഭാഗത്തുനിന്ന് പുറത്തുപോയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
