latest news
അറിയാം വിജയിയുടെ ഫിറ്റ്നസ് സീക്രട്ട്
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും ഫിറ്റ്നസും എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. 52-ാം വയസ്സിിലും കൃത്യമായ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വിജയ്യുടെ ദിനചര്യകളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനറായ നരേഷ് കുമാര്‍.
‘മാസ്റ്റര്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വിജയ്യെ പരിശീലിപ്പിച്ച നരേഷ് കുമാര്‍ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ ആരോഗ്യരഹസ്യങ്ങള്‍ പങ്കുവെച്ചത്. കഠിനമായ ഡയറ്റുകളോ പട്ടിണി കിടക്കലോ അല്ല വിജയ് പിന്തുടരുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്റേത്. മിതമായ അളവിലുള്ള ഭക്ഷണരീതിയും ലളിതമായ വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളും കൃത്യസമയത്തുള്ള വ്യായാമവുമാണ് 52-ാം വയസിലും വിജയ്യെ ഇത്രയും ഫിറ്റായി നിലനിര്‍ത്തുന്നതെന്ന് പരിശീലകന് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ റാലികളും തിരക്കേറിയ ഷൂട്ടിങ് ദിനങ്ങളുമാണെങ്കിലും പുറത്തുനിന്നുള്ള ജങ്ക് ഫുഡുകള്‍ പൂര്‍ണമായി ഒഴിവാക്കി, വീട്ടില്നിന്നുണ്ടാക്കുന്ന ഭക്ഷണം കൊണ്ടുപോകുന്നതാണ് വിജയ്യുടെ ശീലം. ജോലിത്തിരക്കുകള്‍ ഉണ്ടെങ്കിലും ദിവസവും രാവിലെ 5.30 നും 6.00 നും ഇടയില്‍ അദ്ദേഹം ഉറക്കമുണരുമെന്ന് നരേഷ് കുമാര്‍ വ്യക്തമാക്കി.
വിജയ്യുടെ ഒരു ദിവസത്തെ ഭക്ഷണക്രമം
പ്രഭാതഭക്ഷണം (രാവിലെ 9.00 ന്): രണ്ട് ഇഡ്ഡലിയും മുട്ടയും. ‘ബിഗില്‍’ എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്ന സമയത്ത് പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികളും ഉള്‍പ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണം (ഉച്ചയ്ക്ക് 1.00 ന്): വീട്ടില്‍ തയ്യാറാക്കിയ ചോറ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ആവശ്യമുള്ള പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍.
വൈകുന്നേരങ്ങളില്‍: പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ വിശപ്പ് തോന്നുമ്പോള്‍ ഫ്രഷ് സാലഡുകളോ ജ്യൂസുകളോ മാത്രം.
അത്താഴം (വൈകുന്നേരം 7.00 – 7.30 നിടയില്‍): രാത്രിയില്‍ വളരെ ലഘുവായ ഭക്ഷണമാണ് താരം കഴിക്കാറുള്ളത്. പ്രധാനമായും സൂപ്പുകളും സാലഡുകളുമാണ് അത്താഴത്തില്‍ ഉള്‍പ്പെടുന്നത്.
പൂര്‍ണ സസ്യാഹാരിയല്ലാത്ത വിജയ് ചിക്കനും മീനും കഴിക്കാറുണ്ടെങ്കിലും അതിന്റെ അളവ് കൃത്യമായി പാലിക്കാറുണ്ടെന്ന് ട്രെയിനര്‍ പറഞ്ഞു.
