അജോയ് മാത്യു
സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അസാധാരണമായ ചില കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അവന്‍ എങ്ങനെ പ്രതികരിക്കും? ആ പ്രതികരണത്തിന്റെ തുടര്‍ചലനങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കും? ഈ വിഷയമാണ് ‘തേര്’ എന്ന പുതിയ സിനിമ കൈകാര്യം ചെയ്യുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു ത്രില്ലര്‍ !
പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. വളരെ പ്ലസന്റായി തുടങ്ങുകയും അധികം വൈകും മുമ്പുതന്നെ നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തുകയും ചെയ്യുന്ന കഥാഗതി ആദ്യ അരമണിക്കൂര്‍ കഴിയുന്നതോടെ ടോപ്പ് ഗിയറിലേക്ക് പ്രവേശിക്കുന്നു. പിന്നീട് ഒരു പാച്ചിലാണ്. ഇനിയെന്തുസംഭവിക്കുമെന്ന ആശങ്കയോടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന കഥപറച്ചില്‍. ഓരോ കഥാപാത്രങ്ങളുടെയും മാനസിക സംഘര്‍ഷം പ്രേക്ഷകരിലേക്കും അതേപടി പകര്‍ത്താന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
എസ്.ജെ സിനുവാണ് ഈ ഫാമിലി ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ മനോഹരമായ ചിത്രീകരണമാണ് തേരിന്റെ ആദ്യഘട്ടത്തിലെ ആകര്‍ഷണഘടകമെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് തുടര്‍ന്നൊരുക്കിയിരിക്കുന്നത്. ഒരു സംവിധായകന്റെ സിനിമയെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് തേര്. അതുകൊണ്ടുതന്നെ സിനുവിന് അഭിമാനിക്കാം. ഈ സംവിധായകനില്‍ മലയാളികള്‍ക്ക് പ്രതീക്ഷവയ്ക്കുകയും ചെയ്യാം.
സമകാലികമായ ചില സംഭവങ്ങളില്‍ നിന്നാണ് തേരിന്റെ പ്രമേയസ്വീകരണം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം കാണുമ്പോള്‍, ഈ കഥ പ്രേക്ഷകരോട് ഏറ്റവും അടുത്തുനില്‍ക്കുന്നതായി തോന്നും. കഥപറച്ചിലിലെ ആ അനായാസതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി മാറ്റുന്നു. സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് തേര്. അതിന് ടി.ഡി.ശ്രീനിവാസ് എന്ന ഛായാഗ്രാഹകനോട് നമ്മള്‍ നന്ദി പറയണം.
അഭിനേതാക്കളില്‍ സ്‌കോര്‍ ചെയ്തത് കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ഷാജോണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ക്കായി ഈ സിനിമ പരിഗണിക്കപ്പെട്ടേക്കാം. ഒരേസമയം വില്ലനും അതേസമയം തന്നെ മാനുഷികതയുടെ ഭാവങ്ങള്‍ പ്രകടിക്കുകയും ചെയ്യേണ്ടിവരുന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ഉജ്ജ്വലമാക്കിയിരിക്കുന്നത്.
എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ബാബുരാജിന്റേതാണ്. ഈ കഥയിലെ ഏറ്റവും നിര്‍ണായക കഥാപാത്രത്തെ ബാബുരാജ് അവിസ്മരണീയമാക്കി. ഒരു നെഗറ്റീവ് കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന പതിവ് വിരോധത്തെ മാറ്റിത്തീര്‍ത്ത് ആ കഥാപാത്രത്തോട് അനുകമ്പ തോന്നിപ്പിക്കും വിധം മറ്റൊരു തലത്തിലേക്ക് ബാബുരാജിന്റെ കഥാപാത്രം വളര്‍ന്നിട്ടുണ്ട്. ഒപ്പം ആ കഥാപാത്രവുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു മ്യൂസിക്കല്‍ ട്രീറ്റുമെന്റും സംവിധായകന്‍ നല്‍കിയിരിക്കുന്നു. അത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
റിയ സൈറ എന്ന നടിയാണ് ഗംഭീരമായ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം. മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയായി റിയ മാറും എന്ന് നിസംശയം പറയാം. വിജയരാഘവനും തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാരിക്കുഴിയിലെ കൊലപാതകം, യുവം, ജിബൂട്ടി എന്നീ സിനിമകള്‍ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന സിനിമയാണ് തേര്. ഒരു നടന്‍ എന്ന നിലയില്‍ അമിത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. കോമഡിയിലും വൈകാരിക രംഗങ്ങളിലും ആക്ഷന്‍ സീക്വന്‍സുകളിലും ഒരുപോലെ തിളങ്ങാന്‍ അമിത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു യുവസൂപ്പര്‍താരമായി അമിത് മാറുന്ന കാഴ്ച്ചയ്ക്ക് അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല എന്നുറപ്പിക്കുന്നു തേര്.
ഒരു നെഗറ്റീവ് പോലും പറയാനില്ലാത്ത സിനിമകള്‍ അപൂര്‍വ്വമായാണ് സംഭവിക്കുക. ത്രില്ലര്‍ ഴോണറില്‍ അത്തരമൊരു ചിത്രമാണ് ഇത്. ധൈര്യപൂര്‍വ്വം കുടുംബസമേതം ടിക്കറ്റെടുക്കാനുള്ള എല്ലാ വകയും ഈ ചിത്രത്തിലുണ്ട്.
സാരിയില്‍ മനോഹരിയായി റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക.…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ചിത്രങ്ങളുമായി മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം…