സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്. എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോസില്‍ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു.
മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മതാവ് സി. എച്ച്. മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടന്‍ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പിആര്‍ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പിആര്‍ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തതെന്ന് ഒമര്‍ പറയുന്നു.
PRO സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വര്‍ക്ക് കൊടുക്കുന്ന വാഴൂര്‍ ജോസേട്ടനെ മാറ്റി പുതിയ ഒരാള്‍ക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോണ്‍ കോള്‍. ഇതാണ് നിങ്ങള്‍ സ്വപ്നം കാണുന്ന സിനിമാ Industry, ഞാന്‍ എന്ത് ചെയ്യണം ?,’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒമര്‍ ചോദിച്ചു.