മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമാണ് നടിയെ ആക്രമിച്ച കേസ്. നടന്‍ ദിലീപ് ഈ കേസില്‍ ഗൂഢാലോചന കുറ്റത്തിനു പിടിയിലായതും പിന്നീടുണ്ടായ സംഭവ വികാസങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം കൊച്ചിയിലെ ദര്‍ബാള്‍ ഹാളില്‍വെച്ച് മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഷേധ സൂചകമായി ഒത്തുകൂടിയിരുന്നു. അന്ന് ദിലീപിന്റെ പേരില്‍ ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നു കേട്ടിരുന്നില്ല.
സിനിമാ താരങ്ങളുടെ പരിപാടിയില്‍ ദിലീപ് അടക്കമുള്ളവര്‍ പങ്കെടുത്തു. മമ്മൂട്ടിയാണ് താരങ്ങളുടെ പ്രതിഷേധ പരിപാടി വിളിച്ചു ചേര്‍ത്തത്. എല്ലാ താരങ്ങളും ഈ പരിപാടിയിലേക്ക് എത്തി. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എല്ലാവരും സംസാരിച്ചത്. ദിലീപും ഈ പരിപാടിയില്‍ സംസാരിച്ചിരുന്നു. നടി മഞ്ജു വാര്യരുടെ വാക്കുകളാണ് ഈ പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്ന് മഞ്ജു പ്രസംഗിച്ചത്. ദിലീപിനെ വേദിയിലിരുത്തിയായിരുന്നു മഞ്ജുവിന്റെ പ്രസംഗം. പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഇവിടെ ഇരിക്കുന്ന പലരേയും ഞാനടക്കമുള്ള പലരേയും പല അര്‍ധരാത്രികളിലും പല അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈയൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുകയെന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. അതുമാത്രമല്ല ഒരു സ്ത്രീക്ക് അവള്‍ വീടിനു അകത്തും പുറത്തും പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹത സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്,’