Gossips
‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ഉസ്താദ്. 1999 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയറ്ററുകളില്‍ അത്ര വലിയ വിജയമായിരുന്നില്ല. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ഉസ്താദ് നിര്‍മിച്ചത്.
മറ്റൊരു നിര്‍മാതാവ് ആയിരുന്നു ഉസ്താദ് ചെയ്യാമെന്ന് ആദ്യം ഏറ്റത്. എന്നാല്‍ ഈ നിര്‍മാതാവിനു സിബി മലയില്‍ സംവിധാനം ചെയ്യുന്നതിനോടു താല്‍പര്യക്കുറവ് ഉണ്ടായിരുന്നു. സംവിധായകനെ മാറ്റണമെന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം. മോഹന്‍ലാലിനെ കണ്ട് കാര്യവും പറഞ്ഞു. എന്നാല്‍ സംവിധായകനെ മാറ്റാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല.

ഞാന്‍ നിങ്ങള്‍ക്ക് അല്ല സിബിക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നത്, നിങ്ങള്‍ക്ക് ഈ സിനിമയില്‍ താല്‍പര്യം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മാറാം. സിബി അല്ല. എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് ആ നിര്‍മാതാവ് ചിത്രത്തില്‍ നിന്ന് പിന്മാറി. മോഹന്‍ലാല്‍ സിബിയെ വിളിച്ച്, ആ നിര്‍മാതാവ് മാറി, ഇതേ കഥ മറ്റൊരു നിര്‍മതാവ് ഉണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോവാമെന്ന് പറയുന്നു. സിബി ഇതേ കാര്യം രഞ്ജിത്തിനോട് വിളിച്ച് പറയുന്നു, രഞ്ജിത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറയുന്നു, ഒടുവില്‍ രഞ്ജിത്തും സുഹൃത്ത് ഷാജി കൈലാസും ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
