Gossips
ഒരാള്‍ ഇവിടെയിരുന്ന് ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ശ്വേത മേനോന്, ഇപ്പോള്‍ നടപടിയെടുത്താല്‍ സംഘടനയെ അത് മോശമായി ബാധിക്കുമെന്ന് മമ്മൂട്ടി; അമ്മ യോഗത്തില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വിവരം പുറത്ത്. ഷമ്മി തിലകന് യോഗത്തിനിടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്വേത മേനോനാണ് ആദ്യം കണ്ടത്. ഷമ്മിക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ച് ശ്വേത മേനോന് എഴുന്നേറ്റു നിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷമ്മി മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ട ശ്വേതാ ചാടിയെഴുന്നേറ്റ് ഇതെല്ലാം ഒരാള്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്ന് പറയുകയായിരുന്നു. അതിന് ശേഷം നാടകീയ രംഗങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. ഇതെല്ലാം ഒരാള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും അതെല്ലാം ലൈവ് ടെലികാസ്റ്റ് ആണോ എന്ന് അറിയില്ലെന്നും ശ്വേത വിളിച്ചു പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെയാണ് ശ്വേത ഇക്കാര്യം പരാതിയായി അറിയിച്ചത്.
ഉടനെ എല്ലാവരും ഷമ്മി തിലകനെതിരെ തിരിഞ്ഞു. നിങ്ങള്‍ അമ്മയ്ക്കെതിരാണോ എന്ന് ഷമ്മിയോട് പല താരങ്ങളും ചോദിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടായിരുന്നു ഷമ്മിക്ക്. ജനറല്‍ ബോഡിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് കാരണം ഷമ്മി തിലകനെ പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
തര്‍ക്കം കൊടുംപിരികൊണ്ട് നില്ക്കുമ്പോള് സംഭവത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടപെട്ടു. ഷമ്മിയെ പുറത്താക്കണമെന്ന നിലപാടിനോട് മമ്മൂട്ടിക്ക് എതിര്‍പ്പായിരുന്നു. എന്തെങ്കിലും വികാരത്തിന്റെ പേരില്‍ ഉടന്‍ ഷമ്മിക്കെതിരെ നിലപാടെടുത്താല്‍ പൊതു മധ്യത്തില്‍ അമ്മ സംഘടന തന്നെ നാണംകെടുമെന്നും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഷമ്മിയെ പുറത്താക്കിയാല്‍ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയര്‍ത്തുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുകയും ഈ അഭിപ്രായം എല്ലാവരും അംഗീകരിക്കുകയും ചെയ്തു.