Gossips
ചെയ്യാന്‍ പാടില്ലാത്ത സിനിമകള്‍ ചെയ്തു, എന്റെ ഭാഗത്തും തെറ്റുണ്ട്: മനോജ് കെ.ജയന്‍
നായകനായും വില്ലനായും സഹനടനായും മലയാളത്തില്‍ കഴിവ് തെളിയിച്ച നടനാണ് മനോജ് കെ.ജയന്‍. തന്റെ കരിയര്‍ തുടര്‍ച്ചയായി താഴേക്ക് പോയ സമയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം ഇപ്പോള്‍. ചെയ്യാന്‍ പാടില്ലാത്ത സിനിമകള്‍ ചെയ്ത സമയമുണ്ടെന്നും അത് തന്റെ തെറ്റാണെന്നും മനോജ് കെ.ജയന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു കാലത്തും നായകന്‍ ആകണമെന്നോ സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നോ എന്നുളള തീരുമാനങ്ങളൊന്നും അതിനായുള്ള വര്‍ക്ക് ഔട്ടോ ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് മനോജ് പറയുന്നു. എനിക്ക് ആദ്യ കാലം മുതല്‍, വന്ന കാലത്ത് ചെയ്ത പെരുന്തച്ചന്‍ ചെയ്ത പോലെ, സര്‍ഗം ചെയ്ത പോലെ, ചമയം ചെയ്ത പോലെ, വെങ്കലം ചെയ്ത പോലെ, ഗസല്‍ ചെയ്ത പോലെ, പരിണയം പോലെ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനായി നിന്നാല്‍ മതിയെന്നായിരുന്നു ആഗ്രഹം. ഇതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഇപ്പോഴും അങ്ങനെ ചെയ്യാനാണ് ആഗ്രഹം. ഇതിനിടെയാണ് നായകനായൊരു സിനിമ വരുന്നത്, കുടുംബസമേതം. നല്ല സിനിമയായിരുന്നു. ആക്ഷന്‍ സിനിമയൊന്നുമായിരുന്നില്ല. ജയരാജിന്റേയും വഴിത്തിരിവായിരുന്നു ആ സിനിമ. ചിത്രം വിജയിച്ചു. നായകനായി വിജയിച്ചാല്‍ പിന്നെ നായകനായി അവരോധിക്കപ്പെടുമല്ലോ. അങ്ങനെ ഞാനും മലയാള സിനിമയിലെ നായകനായി.
ചില സിനിമകള്‍ വിജയിച്ചു. ചില സിനിമകള്‍ പരാജയപ്പെട്ടു. ഇതൊന്നും ഞാനുണ്ടാക്കുന്ന സിനിമകളല്ല. നായകനായുള്ള സിനിമകള്‍ വരുന്നു, എന്നാല്‍ നായകനായി ചെയ്യാം എന്ന് മാത്രമായിരുന്നു എന്റെ ആറ്റിട്ട്യൂഡ്. കുറേക്കാലം കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി, ഭരതേട്ടന്‍ സിനിമ വരെ നായകനായി അഭിനയിച്ചിട്ട് പരാജയപ്പെടുകയാണെങ്കില്‍ അത് ഭയങ്കര സമയദോഷമാണ്. ചുരം ഒക്കെ ഭയങ്കര പരാജയമായിരുന്നു. അതേസമയം ഭരതേട്ടന്റെ തൊട്ട് മുമ്പ് ചെയ്ത രണ്ട് സിനിമകളും, ചമയവും വെങ്കലവും, എനിക്ക് വലിയ ഗുണം ചെയ്തതായിരുന്നു. ആ സിനിമ പരാജയപ്പെട്ടതിന് പിന്നാലെ വേറെ രണ്ട് സിനിമകളും പരാജയപ്പെട്ടു. എനിക്ക് അന്ന് സാമ്പത്തികമായി കുറേ അത്യാവശ്യങ്ങളുണ്ടായിരുന്നു. എറണാകുളത്ത് വീട് പണി നടക്കുകയായിരുന്നു. അതിലേക്ക് കുറേ പണം ഇറക്കേണ്ടിയിരുന്നു. അതിനാല്‍ കുറേയൊക്കെ ഞാന്‍ കോമ്പര്‍മൈസ് ചെയ്തു. ചെയ്യാന്‍ പാടില്ലാത്ത സിനിമകള്‍ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്.
അങ്ങനെ അതൊക്കെ ഭയങ്കര പരാജയങ്ങളായി. ഇതിനിടെ ഞാന്‍ മദ്രാസിലേക്ക് താമസം മാറി. ഇനിയൊപ്പം കുറച്ച് നാള്‍ വെറുതെ ഇരിക്കാം. നായകന്‍ വേണ്ട. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാം എന്നു കരുതി. ഇതിനിടെ ആരൊക്കയോ മദ്രാസില്‍ വന്ന് വിളിക്കുന്നുണ്ട്. ഞാനില്ല എന്ന് പറഞ്ഞ് ഒഴിവായി. ഇതിനിടെ തമിഴില്‍ ധൂള്‍ എന്ന സിനിമയിലൂടെ ഒരു എന്‍ട്രി കിട്ടി. സിനിമ വലിയ ഹിറ്റായിരുന്നു. തമിഴില്‍ ഒരുപാട് അവസരങ്ങള്‍ നേടി തന്നു അത്. ആ സമയത്താണ് വല്യേട്ടനിലേക്ക് ഷാജിയും രണ്‍ജിയും വിളിക്കുന്നത്. ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ അവര്‍ പറഞ്ഞ വാക്ക് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മനോജേ, നീ അങ്ങനെ വെറുതെ ഇരുന്നാല്‍ പറ്റില്ല വാ. ഈ പടത്തില്‍ നല്ലൊരു വേഷമുണ്ട്. മമ്മൂക്കയാണ് നായകന്‍ നീ വാ എന്ന്. അങ്ങനെയാണ് ആ സിനിമയിലെത്തുന്നത്. അവരുടെ സ്‌നേഹമാണത്. സ്‌നേഹം കൂടെ വേണം ഇതിനകത്ത്.