Connect with us

Screenima

latest news

‘ടര്‍ക്കിഷ് തര്‍ക്ക’ത്തിനെതിരെ ആരാണ് മതനിന്ദ ആരോപിച്ചത്? വി ടി ബല്‍റാം

ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ മതനിന്ദ ആരോപിച്ച് തിയേറ്ററില്‍ നിന്നും പിന്‍വലിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി എന്നാണ് ഇത്തരത്തില്‍ ഒരു നടപടി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. പിന്നാലെ സിനിമാ പ്രവര്‍ത്തകരുടെ പ്രമോഷന്‍ തന്ത്രമാണ് ഇതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് വി ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിട ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ ‘മതനിന്ദ’ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മ്മാതാവിനേയോ ‘ഭീഷണിപ്പെടുത്തി’യതിന്റെ പേരില്‍ സിനിമ തീയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ? ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ അതില്‍ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തീയ്യേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കില്‍ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് എന്നാണ് ബല്‍റാം പറയുന്നത്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്‌സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല എന്നും ബല്‍റാം വ്യക്തമാക്കി.

Continue Reading
To Top