latest news
വല്ല്യേട്ടന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കൈരളി ടിവി
വല്ല്യേട്ടന്‍ സിനിമയുടെ നിര്‍മാതാക്കളെ വിമര്‍ശിച്ച് കൈരളി ടിവി. സിനിമയുടെ റി റിലീസിനു പ്രൊമോഷന്‍ നല്‍കാന്‍ വേണ്ടി കൈരളി ടിവിയെ പരിഹസിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം.വെങ്കിട്ടരാമന്‍ ചോദിച്ചു. ‘ വല്ല്യേട്ടന്‍ സിനിമ കൈരളിക്ക് കൊടുത്തതല്ല, പെട്ടുപോയതാണ്’ എന്ന് സിനിമയുടെ നിര്‍മാതാവ് അനില്‍ അമ്പലക്കര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കൈരളി ടിവി രംഗത്തെത്തിയത്.
‘ സിനിമയുടെ സാറ്റലൈറ്റ് അവകാശം കൈരളിയ്ക്കാണ്. ഇതനുസരിച്ച് ഈ ചിത്രം എത്ര തവണ വേണമെങ്കിലും കാണിക്കാനുള്ള അവകാശം കൈരളിക്ക് നിയമപരമായി സിദ്ധിച്ചിട്ടുണ്ട്. വിലകൊടുത്തു വാങ്ങിയ ഒരു ഉല്പന്നം വാങ്ങല്‍ക്കരാര്‍ അനുസരിച്ചും നിയമവിധേയമായും ഒരു ഉപഭോക്താവ് ഉപയോഗിക്കുന്നതിനെതിരേ വില്പന നടത്തിയവര്‍തന്നെ രംഗത്തുവരുന്നത് അപഹാസ്യമാണ്. വല്യേട്ടന്‍ സിനിമയ്ക്കുമേല്‍ അമ്പലക്കര ഫിലിംസുമായുള്ള കൈരളി ടി.വി.യുടെ കരാര്‍ നിലവില്‍ വരുന്നത് 2000-ല്‍ ആണ്. ‘സിനിമ കൊടുത്തതല്ല പെട്ടുപോയതാണ്’ എന്ന അനില്‍ അമ്പലക്കരയുടെ പരാമര്‍ശം തെറ്റാണ്. ഈ സിനിമ 15 വര്‍ഷത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ 2000-ല്‍ അനുവദിച്ചതിന് 15 ലക്ഷം രൂപ നല്കിയിരുന്നു. 2001-ലെ ഓണത്തിന് പ്രദര്‍ശിപ്പിച്ചതിന് 15 ലക്ഷം രൂപ അധികമായി കൈപ്പറ്റിയതായി അനില്‍തന്നെ പറഞ്ഞിട്ടുണ്ട്. ഇതു കൂടാതെ 2002 ഓണത്തിന് സംപ്രേഷണം ചെയ്യുന്നതിന് 10 ലക്ഷം രൂപയും അധികം നല്കിയിട്ടുണ്ട്. അങ്ങനെ നിര്‍മ്മാതാക്കള്‍ കൈരളിയില്‍നിന്ന് 40 ലക്ഷം രൂപ 2000-2002 കാലത്ത് കൈപ്പറ്റിയിട്ടുണ്ട്. കേരളത്തില്‍ അക്കാലത്ത് സിനിമകളുടെ പ്രദര്‍ശനാനുമതിക്ക് നിലവിലുള്ള വിപണിനിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയായിരുന്നു ഇതെല്ലാം,’
‘ 2000-ല്‍ നടന്ന ഒരു വില്പന പെട്ടുപോകലായിരുന്നു എന്ന് 24 കൊല്ലം കഴിഞ്ഞു പറയുന്ന അനില്‍ അമ്പലക്കരയ്‌ക്കൊപ്പമിരുന്ന് സഹനിര്‍മ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞത് ഒന്നു കാത്തിരുന്നെങ്കില്‍ 2 കോടി കിട്ടുമായിരുന്നു എന്നാണ്. ഇതും വസ്തുതാവിരുദ്ധമാണ്. കൈരളിയ്ക്കു നല്കിയ 15 വര്‍ഷത്തെ ടി.വി പ്രദര്‍ശനാവകാശം കഴിയുന്നതോടെ നിര്‍മ്മാതാക്കള്‍ തുടര്‍ അവകാശം ഒരു വിതരണ കമ്പനിക്കു വിറ്റിരുന്നു. അവരില്‍ നിന്ന് 10 ലക്ഷം രൂപ കൊടുത്ത് വീണ്ടും 10 വര്‍ഷത്തേയ്ക്ക് കൈരളി പ്രദര്‍ശനാവകാശം വാങ്ങുകയായിരുന്നു. ആ കമ്പനിക്ക് 10 ലക്ഷത്തിലും കുറഞ്ഞ തുകയ്ക്കാണ് നിര്‍മ്മാതാക്കള്‍ അവകാശം വിറ്റത് എന്ന് ഉറപ്പ്. ആ വില്പന നടന്ന 2010-ല്‍പ്പോലും 10 ലക്ഷത്തില്‍ താഴേയുള്ള തുകയ്‌ക്കേ വിതരണക്കാര്‍ക്ക് അവകാശം വില്ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞുള്ളൂ എങ്കില്‍ ഇപ്പോഴത്തെ 2 കോടി കണക്ക് വെറും വീരസ്യം പറയലാണ് എന്നു വ്യക്തം,’ വെങ്കിട്ടരാമന്‍ പറഞ്ഞു.