Connect with us

Screenima

latest news

കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ അമരന്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി

ശിവ കാര്‍ത്തികേയന്‍, സായി പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അമരന്‍ എന്ന ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി. തമിഴ്‌നാട്ടിലെ സ്‌കൂളുകളിലും കോളേജുകളിലും അമരന്‍ പ്രദര്‍ശിപ്പിക്കണമെന്നും യുവതലമുറയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് സഹായിക്കും എന്നുമാണ് ബിജെപി പറയുന്നത്. സിനിമയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഐക്യത്തിലും സുരക്ഷയ്ക്കും എതിരാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

തമിഴ്‌നാട്ടിലുടനീളം സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഈ ആവശ്യത്തിനെതിരെ എസ്ഡിപിഐ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കരുത് എന്നും സിനിമയില്‍ കാശ്മീരിനെയും മുസ്ലിം വിഭാഗത്തെയും വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുമാണ് എസ്ഡിപിഐ പറയുന്നത്. മറ്റു മതങ്ങളിലേക്ക് മുസ്ലിം വിരുദ്ധത പടര്‍ത്തുന്നതാണ് അമരന്‍ എന്ന ചിത്രം എന്നും എസ്ഡിപിഐ ആരോപിച്ചു

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഉല്‍ക്കൊള്ളിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പരിശീലനം നടന്‍ ഈ ചിത്രത്തിനായി നടത്തിയിരുന്നു.

2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading
To Top