latest news
സല്മാന് ഖാന് ഭീഷണി സന്ദേശം അയച്ചത് സല്‍മാന്റെ സിനിമയുടെ ഗാനരചയിതാവ്
ബോളിവുഡ് താരം സല്മാന്ഖാന് വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ വലിയ ട്വിസ്റ്റ്. സല്മാന് ഖാന്റെ ചിത്രത്തിലെ ഗാനരചയിതാവാണ് അദ്ദേഹത്തിനെതിരെ വധഭീഷണി സന്ദേശം മുഴക്കിയ സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. റായ്ച്ചൂരില്‍ വെച്ചാണ് സൊഹൈല്‍ പാഷ എന്ന സംഗീത സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ‘മെയിന്‍ സിക്കന്ദര്‍ ഹുന്‍’ എന്ന ഗാനത്തിന്റെ ഗാനരചയിതാവിനെയും സല്മാന് ഖാനെയും ഭീഷണിപ്പെടുത്തി നവംബര്‍ 7 ന് മുംബൈ സിറ്റി പോലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ‘ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയിലാക്കും ഗാനരചിതാവിനെ. സല്മാന് ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം’ എന്നായിരുന്നു ഭീഷണി സന്ദേശം.
എന്നാല്‍ ഒരിക്കലും സല്മാന് ഖാനെ വധിക്കണമെന്ന ഉദ്ദേശത്തോടുകൂടിയല്ല താന്‍ ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം അയച്ചത്. ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം അയച്ച് അതിലൂടെ തന്റെ പാട്ടും താനും പ്രസിദ്ധനാകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും പാഷ പറഞ്ഞു.
നവംബര്‍ ഏഴിനാണ് സല്മാന് ഖാനും പാഷയ്ക്കുമെതിരെ സിറ്റി പൊലീസിന്റെ വാട്സ്ആപ് ഹെല്പ് ലൈനില്‍ വധ ഭീഷണി സന്ദേശം വരുന്നത്. സന്ദേശം വന്ന ലൊക്കേഷന്‍ റായ്ച്ചൂരാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം കര്‍ണാടകയിലേക്ക് പോകുകയും ഫോണ്‍ നമ്പര്‍ ഉടമയായ വെങ്കടേഷ് നാരായണനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ ഇന്‍ര്‍നെറ്റ് ആക്സസ് ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ഒരു ഒടിപി വന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നവംബര്‍ മൂന്നാം തീയതി ഒരു അപരിചിതന് മാര്‍ക്കറ്റില്‍ വെച്ച് തന്നെ കാണാന്‍ വന്നെന്നും ഒരാളെ വിളിക്കാന്‍ ഫോണ്‍ തരുമോയെന്ന് ചോദിക്കുകയും ചെയ്തതായി വെങ്കടേഷ് പൊലീസിനോട് വ്യക്തമാക്കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പാഷ വെങ്കടേഷിന്റെ ഫോണിലെ ഒടിപി ഉപയോഗിച്ച് തന്റെ ഫോണില്‍ വാട്സ്ആപ്പെടുത്തെന്ന് കണ്ടെത്തുകയും പാഷയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാഷയെ മുംബൈ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും തുടര്‍ച്ചയായി വധഭീഷണികള്‍ വരുന്നതിനിടയിലാണ് ഈ വധഭീഷണിയും സല്മാന് ഖാനെതിരെ ഉയര്‍ന്നുവന്നത്.