Gossips
‘അമ്മ’യുടെ തലപ്പത്തേക്ക് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പരിഗണനയില്‍; വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം
‘അമ്മ’ പിരിച്ചുവിട്ടിട്ടില്ലെന്ന് സംഘടന നേതൃത്വവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ പോലും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി പിരിച്ചുവിടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ‘അമ്മ’യുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സംഘടന പൂര്‍ണമായി പിരിച്ചുവിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു.
സിദ്ദിഖ് രാജിവെച്ചു ഒഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാലിനു അതൃപ്തി ഉണ്ടായിരുന്നു. അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്ന് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന കാര്യം അറിയിക്കാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചത്. എന്നാല്‍ ഓരോ ദിവസങ്ങള്‍ കഴിയും തോറും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് താരസംഘടനയെ വരിഞ്ഞുമുറുക്കി. ഒടുവില്‍ എക്‌സിക്യൂട്ടീവ് ചേരാതെ തന്നെ രാജി പ്രഖ്യാപിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചു. ലാല്‍ ഒറ്റയ്ക്കു രാജിവയ്‌ക്കേണ്ടതില്ലെന്നും ഭരണ സമിതി മുഴുവനായും പിരിച്ചുവിടുകയാണ് നല്ലതെന്നും മമ്മൂട്ടി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളെല്ലാം രാജിവെച്ചത്.
‘അമ്മ’യെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനു വഴങ്ങി കൊടുക്കില്ലെന്നുമാണ് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുതിര്‍ന്ന താരങ്ങളുടെ നിലപാട്. സംഘടനയ്ക്കു അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ നേതൃത്വം വരും. അതിനായി പൊതുയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നങ്ങോട്ടു സംഘടനയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും സമദൂരം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജഗദീഷ് തുടങ്ങിയ താരങ്ങളെയാണ് ഇനി സംഘടനയുടെ തലപ്പത്തേക്ക് പരിഗണിക്കുക. എക്‌സിക്യൂട്ടീവില്‍ നിര്‍ണായക സ്ഥാനത്ത് വനിതകളെ നിയമിക്കും.