Reviews
കല്‍ക്കി തകര്‍ത്തോ? പ്രേക്ഷകര്‍ പറയുന്നത് ഇങ്ങനെ
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 289 എഡി’ തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ മന്ദഗതിയില്‍ പോയ സിനിമ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ മൊത്തം ഗ്രാഫ് മാറിയെന്നും പിന്നീടങ്ങോട്ട് മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
‘ ബാഹുബലിക്ക് ഒപ്പമെത്തിയിട്ടില്ലെങ്കിലും കല്‍ക്കി കൊള്ളാം. രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു’ ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ മഹാഭാരത കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഥാപാത്ര സൃഷ്ടികള്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സിനിമ മനസിലാകുകയും ഇഷ്ടപ്പെടുകയും ചെയ്യും’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. രണ്ടാം പകുതിയിലെ അഭിനേതാക്കളുടെ പ്രകടനം പ്രത്യേകം എടുത്തുപറയണമെന്നും അമിതാഭ് ബച്ചന്റെ കഥാപാത്രം ശരിക്കും സിനിമയുടെ ഗ്രാഫിനെ താഴെ വീഴാതെ പിടിച്ചുനിര്‍ത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു.
‘ ധൈര്യമായി ടിക്കറ്റെടുക്കാം, കാശ് മുതലാകുന്ന സിനിമയാണ് കല്‍ക്കി’, ‘അമിതാഭ് ബച്ചനും കമല്‍ഹാസനും ഗോഡ് ലെവല്‍ പെര്‍ഫോമന്‍സ്. അവസാന ഷോട്ട് രോമാഞ്ചം വന്നു’ തുടങ്ങി നിരവധി മികച്ച അഭിപ്രായങ്ങളാണ് ട്വിറ്ററില്‍ സിനിമയ്ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പകുതിയില്‍ ശരാശരി പ്രകടനത്തില്‍ ഒതുങ്ങിയെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ പ്രഭാസ് ബാഹുബലി ലെവല്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.