latest news
കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ടാണ് ആ രാജ്യങ്ങളില്‍ ഷോ വച്ചത്; ടര്‍ബോ കണ്ടെന്ന് സമദ്
മമ്മൂട്ടി ചിത്രം ടര്‍ബോ താന്‍ നേരത്തെ കണ്ടെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഉടമ സമദ് ട്രൂത്ത്. സിനിമ കണ്ട ശേഷമാണ് പല രാജ്യങ്ങളിലും പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്നും സമദ് എഡിറ്റോറിയലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടര്‍ബോയുടെ ഓവര്‍സീസ് വിതരണാവകാശം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ്.
‘ എനിക്ക് സിനിമ കാണാനുള്ള ഭാഗ്യമുണ്ടായി. ജിസിസിക്ക് പുറത്ത് പല രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നത് സിനിമ കണ്ട ശേഷമുള്ള കോണ്‍ഫിഡന്‍സിലാണ്. മലയാളികള്‍ ഇക്കയെ സ്നേഹിക്കുന്നത് പോലെ അറബ് രാജ്യങ്ങളും മറ്റു പുറം രാജ്യക്കാരും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 65 ല്‍ അധികം രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്,’ സമദ് ട്രൂത്ത് പറഞ്ഞു.
ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമ എന്ന നേട്ടത്തില്‍ എത്തി നില്‍ക്കുകയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 23 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ.