Reviews
ദേ അടുത്ത ഹിറ്റ് ! ചിരിപ്പിച്ച് പൃഥ്വിരാജും ബേസിലും; ഗുരുവായൂരമ്പല നടയില്‍ കൊള്ളാമോ?
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഗംഭീര ആദ്യ പകുതിയെന്നും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന രണ്ടാം പകുതിയെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം. കുടുംബസമേതം ആസ്വദിക്കാവുന്ന കോമഡി പടമെന്നാണ് കൂടുതല്‍ പ്രേക്ഷകരുടെയും അഭിപ്രായം.
പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്. മുന്‍പ് ബേസില്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളോട് താരതമ്യം ചെയ്യാമെങ്കിലും ഇതില്‍ ഒരുപടി കൂടി കടന്ന് എന്റര്‍ടെയ്നറായി അഴിഞ്ഞാടിയിരിക്കുകയാണ്. ആദ്യ പകുതിയുടെ അത്ര കോമഡികള്‍ ഇല്ലെങ്കിലും രണ്ടാം പകുതിയും കുടുംബസമേതം ആസ്വദിക്കാം. പ്രിയദര്‍ശന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്ന ക്ലൈമാക്‌സാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അത് ചില സ്ഥലങ്ങളില്‍ കല്ലുകടിയായി എന്നതൊഴിച്ചാല്‍ മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് ആയാണ് ചിത്രം അവസാനിക്കുന്നത്. ക്ലൈമാക്‌സിലെ നന്ദനം റഫറന്‍സ് ഇഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. അനശ്വരയും ബേസിലും തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദീപ പ്രദീപിന്റേതാണ് കഥ. ക്യാമറ നീരജ് രവി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.