Gossips
സ്ഫടികത്തിലെ ചാക്കോ മാഷ് നെടുമുടി വേണു ആകണമെന്നായിരുന്നു മോഹന്‍ലാലിന് താല്പര്യം; ഭദ്രന് പറ്റില്ലെന്ന് പറഞ്ഞു
തിലകനും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് സ്ഫടികം. ഭദ്രന് സംവിധാനം ചെയ്ത ഈ സിനിമ ഇപ്പോഴും മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ട്. ആടുതോമ എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ആടുതോമയുടെ അപ്പന് ചാക്കോ മാഷായി തിലകനും തന്റെ റോള്‍ അവിസ്മരണീയമാക്കി.
ചാക്കോ മാഷ് എന്ന കഥാപാത്രം ചെയ്യാന്‍ സംവിധായകന് ഭദ്രന് ആദ്യം വിളിച്ചത് തിലകനെ തന്നെയാണ്. എന്നാല്‍, തിലകന് പകരം മറ്റൊരു നടന് ആ കഥാപാത്രം നല്‍കാമോ എന്ന് ഭദ്രനോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. നെടുമുടി വേണുവിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ഭദ്രനെ സമീപിച്ചത്. സ്ഫടികത്തിന്റെ കഥ കേട്ട മോഹന്‍ലാല്‍ ചാക്കോ മാഷ് എന്ന കഥാപാത്രം നെടുമുടി വേണുവിന് നല്‍കാമോ എന്ന് ഭദ്രനോട് ചോദിക്കുകയായിരുന്നു. തിലകന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചാക്കോ മാഷ് എന്ന കഥാപാത്രം തിലകനാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അത് നെടുമുടി വേണുവിന് കൊടുക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിലകന് അത് ചെയ്യുന്നില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്‍കിയിട്ടുണ്ടെന്നും ഭദ്രന് മോഹന്‍ലാലിനോട് പറയുകയായിരുന്നെന്ന് തിലകന് ആരോപിച്ചിരുന്നു.
നെടുമുടി വേണുവുമായി തിലകന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്ത് നെടുമുടി വേണുവിനെതിരെ നിരവധി ആരോപണങ്ങള്‍ തിലകന് ഉന്നയിച്ചിട്ടുണ്ട്. നെടുമുടി വേണു തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണെന്നായിരുന്നു തിലകന് പറഞ്ഞിരുന്നത്.