latest news
‘മഞ്ഞുമ്മലിലെ പിള്ളേരെ ആര്‍ക്കും തൊടാന്‍ പറ്റില്ല’; തുടര്‍ച്ചയായ എട്ടാം ദിവസവും കേരളത്തില്‍ നിന്ന് രണ്ട് കോടി
ബോക്സ്ഓഫീസില്‍ മിന്നുന്ന പ്രകടനവുമായി മഞ്ഞുമ്മല്‍ ബോയ്സ് മുന്നോട്ട്. തുടര്‍ച്ചയായ എട്ടാം ദിവസവും ചിത്രം കേരളത്തില്‍ നിന്ന് രണ്ട് കോടി കളക്ട് ചെയ്തു. റിലീസ് ചെയ്തു എട്ടാം ദിവസമായപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ കേരള കളക്ഷന്‍ 24.45 കോടിയായി. ഇന്നത്തെ കളക്ഷന്‍ കൂടിയാകുമ്പോള്‍ കേരള കളക്ഷന്‍ 25 കോടി കടക്കും. തമിഴ്നാട്ടിലും വന്‍ തിരക്കാണ് ചിത്രത്തിനു അുഭവപ്പെടുന്നത്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആഗോള തലത്തില്‍ 50 കോടിയിലേറെ കളക്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏഴ് ദിവസം കൊണ്ടാണ് വേള്‍ഡ് വൈഡായി 50 കോടി കളക്ട് ചെയ്തത്.
പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന് ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.