latest news
മരക്കാറിനെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് മഞ്ജു വാര്യര്‍; നല്ല സിനിമയാണെന്ന് പറഞ്ഞ് പലരും മെസേജ് അയക്കുന്നുണ്ടെന്നും താരം
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആദ്യ ദിവസങ്ങളില്‍ സിനിമ വലിയ കളക്ഷന്‍ നേടുകയും ചെയ്തു.
അതേസമയം, മരക്കാറിനെതിരെ മനപ്പൂര്‍വ്വമുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നാണ് സിനിമയില്‍ അഭിനയിച്ച നടി മഞ്ജു വാര്യര്‍ പരോക്ഷമായി പറയുന്നത്. ‘സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജെനുവിനാണെങ്കില്‍ അതിന് വിലയുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡീഗ്രേഡിങ് നടന്നത് എന്നത് എനിക്ക് വ്യക്തമല്ല,’ മഞ്ജു പറഞ്ഞു.
‘എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമര്‍പ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിങിന് ശേഷം സിനിമ കണ്ടവരെല്ലാം എനിക്ക് മെസേജുകള്‍ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകള്‍ വരാറുണ്ട്,’ മഞ്ജു കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, സിദ്ധിഖ്, മുകേഷ്, അര്‍ജുന്‍ തുടങ്ങി വന്‍ താരനിരയാണ് മരക്കാറില്‍ അണിനിരന്നത്. ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും.