latest news
മനോജ് കെ.ജയന്റെ മികച്ച അഞ്ച് സിനിമകള്‍
നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് മനോജ് കെ.ജയന്. മലയാളത്തിനു പുറമേ തമിഴിലും മനോജ് കെ.ജയന് അഭിനയിച്ചിട്ടുണ്ട്. മനോജ് കെ.ജയന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. അനന്തഭദ്രം
മനോജ് കെ.ജയന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് അനന്തഭദ്രത്തിലെ ദിഗംബരന്. 2005 ലാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത അനന്തഭദ്രം റിലീസ് ചെയ്തത്. പ്രേക്ഷകനെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ദുര്‍മന്ത്രവാദിയുടെ വേഷം മനോജ് കെ.ജയന് ഗംഭീരമാക്കി.
2. പരിണയം
1994 ല്‍ റിലീസ് ചെയ്ത പരിണയത്തില്‍ കുഞ്ചുണ്ണി എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന് അവതരിപ്പിച്ചത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്. ബ്രാഹ്മണ്യത്തിലെ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വിപ്ലവകാരിയാണ് പരിയത്തിലെ കുഞ്ചുണ്ണി. മനോജ് കെ.ജയന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്.
3. പഴശ്ശിരാജ
മലയാളത്തിലെ എക്കാലത്തേയും മികച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ പഴശ്ശിരാജയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷമാണ് മനോജ് കെ.ജയന് അവതരിപ്പിച്ചത്. തലക്കല്‍ ചന്തു എന്നായിരുന്നു മനോജ് കെ.ജയന്റെ കഥാപാത്രത്തിന്റെ പേര്. പില്ക്കാലത്ത് മമ്മൂട്ടി അടക്കമുള്ളവര്‍ മനോജ് കെ.ജയന്റെ കഥാപാത്രത്തെ പ്രശംസിച്ചിരുന്നു. 2009 ലാണ് പഴശ്ശിരാജ റിലീസ് ചെയ്തത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് പഴശ്ശിരാജ സംവിധാനം ചെയ്തത്.
4. പെരുന്തച്ചന്
മനോജ് കെ.ജയന്റെ കരിയറില്‍ നിര്‍ണായകമായ കഥാപാത്രമാണ് 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന് എന്ന ക്ലാസിക് സിനിമയിലേത്. നീലകണ്ഠന് എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന് അവതരിപ്പിച്ചത്. ഈ സിനിമയിലെ പ്രകടനം കണ്ടാണ് മനോജ് കെ.ജയനെ ദളപതി എന്ന തമിഴ് ചിത്രത്തിലേക്ക് മണിരത്നം കാസ്റ്റ് ചെയ്തത്.
5. രാജമാണിക്യം
2005 ല്‍ റിലീസ് ചെയ്ത രാജമാണിക്യത്തില്‍ രാജശെല്‍വം എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന് അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുമായുള്ള മനോജ് കെ.ജയന്റെ കോംബിനേഷന്‍ സീനുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.