Connect with us

Screenima

Ozler Movie Trailer

Gossips

ഓസ്‌ലറില്‍ മമ്മൂട്ടി വില്ലനല്ല ! ജയറാമിനെ സഹായിക്കാനെത്തുന്ന ‘ഡെവിള്‍’

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലറിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഡിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്ലറില്‍ ഒട്ടേറെ സസ്പെന്‍സുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതിലൊന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം. ഓസ്ലറില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരാധകര്‍ അറിഞ്ഞ കാര്യമാണ്. എന്നാല്‍ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടില്ലെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ശബ്ദം കൊണ്ട് ട്രെയ്ലറില്‍ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്.

ട്രെയ്ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്ലറിന്റെ അവസാനം ‘ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു. അതേസമയം ശബ്ദം കൊണ്ട് മാത്രമല്ല മമ്മൂട്ടി ട്രെയ്ലറില്‍ ഉള്ളതെന്നാണ് ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ശാരീരിക സാന്നിധ്യവും ട്രെയ്ലറില്‍ ഉണ്ടത്രേ..!

ട്രെയ്ലറിനു ഇടയില്‍ മെഡിക്കല്‍ വസ്ത്രങ്ങള്‍ ധരിച്ച ഒരാളുടെ പുറകുവശം കാണിക്കുന്നുണ്ട്. ഇത് മമ്മൂട്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ട്രെയ്ലറില്‍ തന്നെ ഒരാള്‍ സ്ട്രെക്ചറില്‍ പിടിച്ചു നില്‍ക്കുന്ന രംഗങ്ങളും കാണാം. ആ സമയത്തും അയാളുടെ മുഖം കാണിക്കുന്നില്ല. അത് മമ്മൂട്ടി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന ഒരു ഡെവിളിഷ് ക്യാരക്ടറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

ജനുവരി 11 നാണ് ഓസ്ലര്‍ റിലീസ് ചെയ്യുന്നത്. മാനസികമായി തകര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. ഡോ.രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ. അരമണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നേരമ്പോക്ക് ബാനറില്‍ മിഥുന്‍ മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading
To Top