Connect with us

Screenima

Mammootty

latest news

2024 ലും താരമാകാന്‍ മമ്മൂട്ടി; വേറെ ആര്‍ക്കുണ്ട് ഇത്ര കിടിലന്‍ സിനിമകള്‍ !

തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍, കാമ്പില്ലാത്ത കഥാപാത്രങ്ങള്‍, മമ്മൂട്ടിയെ കണ്ട് പണം നിക്ഷേപിച്ചാല്‍ തിരിച്ചുകിട്ടില്ലെന്ന് ഭയപ്പെട്ടിരുന്ന നിര്‍മാതാക്കള്‍…! 2022 നു മുന്‍പുള്ള രണ്ടുമൂന്ന് വര്‍ഷങ്ങള്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് അങ്ങനെയായിരുന്നു. മമ്മൂട്ടി ചിത്രങ്ങളെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കൈയൊഴിഞ്ഞ സമയം. 2022 ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വത്തിലൂടെ തന്നിലെ നടനും താരവും കൈമോശം വന്നിട്ടില്ലെന്ന് മമ്മൂട്ടി തെളിയിച്ചു. ആ വിജയയാത്ര മമ്മൂട്ടി തുടരുകയാണ്. 2024 ലും മമ്മൂട്ടി മാജിക്ക് തുടരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ജയറാം നായകനായ എബ്രഹാം ഓസ്ലര്‍ (Abraham Ozler) ആണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള സുപ്രധാന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ജയറാം മലയാളി മനസുകളിലേക്ക് തിരിച്ചെത്താന്‍ മമ്മൂട്ടിയുടെ സാന്നിധ്യം അനുഗ്രഹമാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി 11 നാണ് ഓസ്ലര്‍ തിയറ്ററുകളിലെത്തുക.

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം (Bramayugam) ഫെബ്രുവരിയില്‍ റിലീസ് ചെയ്തേക്കും. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി 15 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Bramayugam
Bramayugam

കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക (Bazooka) മാര്‍ച്ചിലോ ഏപ്രിലിലോ റിലീസ് ചെയ്തേക്കും. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ നടനും പ്രശസ്ത സംവിധായകനുമായ ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഴോണര്‍ എന്താണെന്ന് ഇപ്പോഴും വ്യക്തതയില്ല. ആക്ഷന് പ്രാധാന്യമുണ്ടെന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മമ്മൂട്ടി കമ്പനിയുടെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് ടര്‍ബോ (Turbo) എത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വേനല്‍ അവധിയോ ഓണമോ ലക്ഷ്യമിട്ടായിരിക്കും ടര്‍ബോ തിയറ്ററുകളില്‍ എത്തുക. ആക്ഷന്‍ എന്റര്‍ടെയ്നറായ ചിത്രത്തില്‍ മമ്മൂട്ടിയുടെ മാസ് രംഗങ്ങളായിരിക്കും ആരാധകരെ കോരിത്തരിപ്പിക്കുക. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 (Yathra 2) ഈ വര്‍ഷം റിലീസ് ചെയ്യും. യാത്ര ഒന്നാം ഭാഗം തെലുങ്കില്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയുടെ ജീവിത കഥയ്ക്കാണ് പ്രാധാന്യം. എങ്കിലും ഒരിക്കല്‍ കൂടി മമ്മൂട്ടി രാജശേഖര റെഡ്ഡിയായി എത്തുന്നത് തെലുങ്ക് ആരാധകരെയും സന്തോഷിപ്പിക്കും. മഹി വി രാഘവ് ആണ് സംവിധാനം.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നിവയിലും മമ്മൂട്ടി ഈ വര്‍ഷം അഭിനയിച്ചേക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top