latest news
350 കോടി ബജറ്റ്, 38 ഭാഷകളിൽ റിലീസ്; ചരിത്രമെഴുതാൻ സൂര്യ
ഒരു വശത്ത് പഴയ പ്രതാപം നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് പണകിലുക്കത്തിന് പേരുകേട്ട ബോളിവുഡ് ഇൻഡസ്ട്രി. അതേസമയം വ്യാവസായികമായും കലാപരമായും വലിയ മുന്നേറ്റമാണ് തെന്നിന്ത്യൻ ഇൻഡസ്ട്രികൾ സംഭവിക്കുന്നത്. കോടികൾ ലാഭം കൊയ്തും ദേശീയ, അന്തർദേശീയ വേദികളിൽ കൈയടി നേടിയും മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങൾ രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ്. ആ ഗണത്തിലേക്ക് തമിഴിൽ നിന്ന് മറ്റൊരു ചിത്രംകൂടിയെത്തുന്നു. മേക്കിംഗിലെ അപാരതകൊണ്ട് ഹിറ്റടിച്ച രജനികാന്തിന്റെ ജയ്ലർ, വിജയിയുടെ ലിയോ എന്ന ചിത്രങ്ങൾക്ക് ശേഷം സൂര്യയുടേതായി ഇറങ്ങുന്ന കങ്കുവയാണ് പ്രതീക്ഷയുടെ പുതിയ തീരങ്ങൾ തേടുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പിരീഡ് ആക്ഷൻ ഡ്രാമയാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഇതിനകം തന്നെ ആരാധകർക്കിടയിലും സിനിമ പ്രേക്ഷകർക്കിടയിലും വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ്, റിലീസ് തുടങ്ങിയ കാര്യങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി നിർമാതാവ് കെ.ഇ ജ്ഞാനവേൽ രാജ രംഗത്തെത്തിയിരിക്കുന്നത്.
350 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം 38 ഭാഷകളിൽ ആഗോള റിലീസ് ചെയ്യുമെന്ന് ജ്ഞാനവേൽ പറയുന്നു. “ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും. തമിഴ് സിനിമ ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ള വിപണികളെയെല്ലാം അതിലംഘിച്ചുള്ള റീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താല്‍ ബോക്സ് ഓഫീസ് കണക്കുകളിലും തമിഴ് സിനിമയുടെ റീച്ചിലും ചിത്രം പുതിയ വാതിലുകള്‍ തുറക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടാൻ സാധിച്ചാൽ തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റാകും കങ്കാവു എന്ന കാര്യത്തിൽ സംശയമില്ല. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. നിലവില്‍ തമിഴ് സിനിമയിലെ എക്കാലത്തെയും നമ്പര്‍ 1 ഹിറ്റ് രജനികാന്തിന്‍റെ പേരിലാണ്. ഷങ്കറിന്‍റെ 2.0 ആണ് ചിത്രം. രണ്ടാം സ്ഥാനത്ത് വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രം ലിയോ ആണ്.