latest news
പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിനു അരികില്‍ നിന്ന് മാറാതെ ലാല്‍; നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു
സിദ്ദിഖിന്റെ വേര്‍പാട് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക നടന്‍ ലാലിനെ തന്നെയായിരിക്കും. സിനിമയില്‍ എത്തുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയാണ് ലാലിന്റേയും സിദ്ദിഖിന്റേയും സൗഹൃദം. ഇരുവരും പിന്നീട് മലയാള സിനിമയുടെ ഹിറ്റ് കൂട്ടുകെട്ടായി. സിദ്ദിഖ് ലാല്‍ എന്ന പേര് പോലെ തന്നെ രണ്ട് ശരീരവും ഒരു മനസുമുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇരുവരും പിന്നീട് സ്വതന്ത്ര സംവിധായകരായപ്പോഴും ആ സൗഹൃദത്തിനു ഒട്ടും മങ്ങലേറ്റില്ല. ഇന്നിപ്പോള്‍ അതില്‍ ഒരാള്‍ ഇല്ല..! ലാലിനെ തനിച്ചാക്കി സിദ്ദിഖ് മടങ്ങി. ആ വേദന ലാലിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
കൊച്ചി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. അപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നത് ലാലിനെയായിരുന്നു. സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ ലാല്‍ അവിടെ ഉണ്ടായിരുന്നു. ഇന്നലെ രാത്രി സിദ്ദിഖിന്റെ മരണവിവരം മാധ്യമങ്ങളെ അറിയിക്കാന്‍ ബി.ഉണ്ണികൃഷ്ണനൊപ്പം ലാലും എത്തിയിരുന്നു. എന്നാല്‍ ആരോടും ഒന്നും മിണ്ടാന്‍ കഴിയാതെ നില്‍ക്കുന്ന ലാലിനെയാണ് അപ്പോള്‍ കണ്ടത്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സമയം മുതല്‍ ലാല്‍ അവിടെയുണ്ട്. സിദ്ദിഖിന്റെ ചേതനയറ്റ ശരീരത്തിനു തൊട്ടരികെ ലാല്‍ ഇരിക്കുന്ന രംഗങ്ങള്‍ ഏറെ വൈകാരികമാണ്. ചില സമയത്ത് നിയന്ത്രണമെല്ലാം നഷ്ടപ്പെട്ട് ലാല്‍ പൊട്ടിക്കരയുന്നുണ്ട്. സിദ്ദിഖിന്റെയും ലാലിന്റെയും ഗുരുവായ ഫാസിലും മകന്‍ ഫഹദും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഇരുവരെയും കെട്ടിപ്പിടിച്ച് ലാല്‍ പൊട്ടിക്കരഞ്ഞു. നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ എത്തിയപ്പോഴും ലാലിന് കരച്ചിലടക്കാനായില്ല. തനിക്കൊപ്പം കളിച്ചും ചിരിച്ചും വഴക്കിട്ടും തോളോടുതോള്‍ ചേര്‍ന്ന് നടന്ന പ്രിയ സുഹൃത്ത് ചലനമില്ലാതെ കിടക്കുന്ന കാഴ്ച ലാലിനെ അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്ത് എത്തിയത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്നു സിദ്ദിഖ്. അങ്ങനെയാണ് സിദ്ദിഖിനെ ഫാസില്‍ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തായ ലാലിനൊപ്പം ചേര്‍ന്ന് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് ആണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. റാംജി റാവു സ്പീക്കിങ് സൂപ്പര്‍ഹിറ്റായി.
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങിന്റെ തിരക്കഥയും സിദ്ദിഖിന്റേതാണ്. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയെല്ലാം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി ചെയ്ത സിനിമകളാണ്.