Gossips
കേരള സ്റ്റോറിക്ക് മോശം അഭിപ്രായം; ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ക്ക് കേരളത്തിലെ തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. നേരത്തെ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ പല തിയറ്ററുകളും റദ്ദാക്കി. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പി.വി.ആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ പ്രദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റ് തിയറ്ററുകളിലും ചാര്‍ട്ട് ചെയ്ത ഷോകള്‍ ക്യാന്‍സല്‍ ചെയ്തതായാണ് വിവരം. പ്രേക്ഷകര്‍ കുറവായതിനെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ ഷോ റദ്ദാക്കിയത്. ആദ്യ ഷോയ്ക്ക് ശേഷം വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് കേരള സ്റ്റോറി റിലീസിന് എത്തിയിരിക്കുന്നത്. കേരള സ്റ്റോറിക്ക് തിയറ്ററുകളില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടിക്കറ്റ് സൗജന്യമായി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രാദേശികമായി ചെയ്യുന്നുണ്ട്. മാളികപ്പുറം സിനിമയ്ക്ക് നല്‍കിയത് പോലെ മികച്ച മൗത്ത് പബ്ലിസിറ്റി കേരള സ്റ്റോറിക്കും നല്‍കണമെന്നാണ് പ്രാദേശിക തലത്തില്‍ ബിജെപി എടുത്തിരിക്കുന്ന തീരുമാനം. സംഘപരിവാര്‍ സംഘടനകളാണ് കേരള സ്റ്റോറിക്ക് ആവശ്യമായ പ്രൊമോഷനുള്ള സാമ്പത്തിക ചെലവുകള്‍ നിറവേറ്റുന്നത്.
കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.