latest news
സ്‌ക്രീനിന് മുന്നില്‍ വന്ന് തുള്ളിച്ചാടുന്നത് വേണ്ട; ഫാന്‍സിന് എട്ടിന്റെ പണി കൊടുത്ത് തിയറ്റര്‍ ഉടമകള്‍
സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലെ മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ പതിവാണ്. വാദ്യമേളങ്ങളും വെടിക്കെട്ടും പാലഭിഷേകവുമൊക്കെയായി തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ ഉണ്ടാകും. തിയറ്ററിനുള്ളില്‍ കയറിയാലും ആഘോഷങ്ങള്‍ക്ക് കുറവില്ല. എന്നാല്‍, അത്തരം ആഘോഷങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ തിയറ്റര്‍ ഉടമകളും ജീവനക്കാരും തീരുമാനിച്ചു കഴിഞ്ഞു.
സ്‌ക്രീനിന് തൊട്ടുമുന്‍പില്‍ വരെ വന്നുനിന്ന് ആരാധകര്‍ നൃത്തം ചെയ്യുന്ന പതിവുണ്ട്. അതിനി അനുവദിക്കില്ല. സ്‌ക്രീനിന് തൊട്ടു താഴെ തറയില്‍ ആണികള്‍ പതിപ്പിച്ചിരിക്കുകയാണ് പല തിയറ്ററുകളിലും. ഫാന്‍സ് സ്‌ക്രീനിന് തൊട്ടു താഴെ വന്നും സ്‌ക്രീന് മുകളില്‍ കയറിയും തുള്ളിച്ചാടുന്നത് നിര്‍ത്തലാക്കാനാണ് ഇങ്ങനെയൊരു നീക്കം. തിയറ്ററുകളില്‍ ഇതുമൂലം നാശനഷ്ടമുണ്ടാകുന്നു. അതുകൊണ്ടാണ് തിയറ്റര്‍ ഉടമകളുടെ പുതിയ നിയന്ത്രണം.
അതേസമയം, ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതും തിയറ്റര്‍ ഉടമകള്‍ ആലോചിക്കുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് ശേഷം ഫാന്‍സ് ഷോ ഒന്നും അനുവദിക്കേണ്ട എന്ന നിലപാടിലാണ് മിക്ക തിയറ്റര്‍ ഉടമകളും. ഫാന്‍സ് ഷോ കഴിയുമ്പോള്‍ തന്നെ പല സിനിമകളുടേയും ഭാവി കുറിക്കപ്പെടുന്നു. അതിനൊപ്പം തന്നെ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിങ്ങും. ഈ സാഹചര്യത്തിലാണ് ഫാന്‍സ് ഷോകള്‍ നിര്‍ത്തലാക്കുന്നത് ആലോചിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന പല സിനിമകളും ഫാന്‍സിന്റെ ആദ്യ അഭിപ്രായം കാരണം തിയറ്ററുകളില്‍ പരാജയപ്പെടുന്നു. അതിനാല്‍ ഫാന്‍സ് ഷോ ഒഴിവാക്കുകയാണ് ഉചിതമെന്ന് തിയറ്റര്‍ ഉടമകള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.