Connect with us

Screenima

Reviews

പ്രേക്ഷകനെ മുഷിപ്പിക്കാതെ വഴി വെട്ടുന്ന ഭീമന്‍; വാര്‍പ്പു മാതൃകകളെ തച്ചുടച്ച സുന്ദരമായ സിനിമ

ഭീമന്‍ വഴി വെട്ടുന്ന കാഴ്ച കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. ഒരു മണിക്കൂര്‍ 55 മിനിറ്റ് നേരം പ്രേക്ഷകനെ ബോറടിപ്പിക്കാതെ പറയുന്ന കഥയുടെ രസച്ചരട് പൊട്ടാതെ ശുഭമായി പര്യവസാനിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവിടെയാണ് അഷ്‌റഫ് ഹംസയെന്ന സംവിധായകന്റെ വിജയം. ആദ്യ ചിത്രമായ തമാശയില്‍ പുലര്‍ത്തിയ സൂക്ഷ്മതയും കയ്യടക്കവും ഭീമന്റെ വഴിയിലേക്ക് എത്തുമ്പോഴും അഷറഫ് ഹംസയ്ക്ക് കൈമോശം വന്നിട്ടില്ല.

വഴി തര്‍ക്കം പോലെ ചെറിയൊരു കഥാതന്തുവിനെയാണ് വളരെ എന്‍ഗേജിങ് ആയ സിനിമയാക്കി മാറ്റിയിരിക്കുന്നത്. വഴി വെട്ടുന്ന ഭീമന്‍, ഭീമന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം കൂടിയവര്‍, ഭീമന്റെ ലക്ഷ്യത്തിനു മുന്നില്‍ വഴി മുടക്കികളായി നില്‍ക്കുന്നവര്‍, ഇതിനെല്ലാം സാക്ഷിയാകുന്ന മറ്റ് ചിലര്‍…ഇത്രയൊക്കെ മനുഷ്യരാണ് രണ്ട് മണിക്കൂര്‍ താഴെ ദൈര്‍ഘ്യമുള്ള സിനിമയില്‍ വന്നു പോകുന്നത്. ഏറ്റവും ചെറിയ സീനില്‍ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ സ്‌പേസ് സിനിമയിലുണ്ട്.

ഹ്യൂമറിന് തന്നെയാണ് സിനിമയിലുടനീളം പ്രാധാന്യം നല്‍കിയിരിക്കുന്നത്. അപ്പോള്‍ പോലും മനുഷ്യന്റെ വളരെ അടിസ്ഥാനപരമായ ചില വികാരങ്ങളെ വളരെ ഒതുക്കത്തോടേയും പ്രേക്ഷകനെ സ്പര്‍ശിക്കുന്ന വിധത്തിലും സിനിമയില്‍ പ്ലേസ് ചെയ്തിട്ടുണ്ട്.

സിനിമയുടെ കാസ്റ്റിങ് എടുത്തുപറയേണ്ട ഘടകമാണ്. സ്ഥിരം പാറ്റേണില്‍ നിന്ന് ജിനു ജോസഫിനെ ഷര്‍ട്ടൂരി അഴിച്ച് വിട്ടിരിക്കുകയാണ് സംവിധായകന്‍. ജിനുവിന്റെ കോസ്‌തേപ്പ് എന്ന കഥാപാത്രം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനോട് സംവദിക്കുന്നുണ്ട്. ചില സമയങ്ങളില്‍ തന്റെ ശബ്ദം കൊണ്ട് മാത്രം മുഴുവന്‍ സ്‌ക്രീന്‍ സ്‌പേസും കോസ്‌തേപ്പ് സ്വന്തമാക്കുന്നുണ്ട്. പല സിനിമകളിലും കണ്ട വളരെ സ്റ്റിഫ് ആയ ശരീരഭാഷയെ ഭീമന്റെ വഴിയില്‍ ജിനു പൂര്‍ണമായി തകര്‍ക്കുന്നുണ്ട്.

Jinu Joseph

Jinu Joseph

കനകം കാമിനി കലഹത്തിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് വേഷം മികച്ച രീതിയില്‍ അവതരിപ്പിച്ച വിന്‍സി അലോഷ്യസ് ഗംഭീര പെര്‍ഫോമന്‍സാണ് ഭീമന്റെ വഴിയിലും കാഴ്ചവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ബിനു പപ്പു, നസീര്‍ സംക്രാന്തി, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് തുടങ്ങി എല്ലാ അഭിനേതാക്കളും ഈ സിനിമ തങ്ങളുടേത് കൂടിയാണെന്ന് അടിവരയിടുന്ന തരത്തില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.

സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന രീതി ഏറെ ശ്രദ്ധേയമാണ്. ആണുങ്ങളുടെ നിഴലില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ത്രീകളല്ല ഇവിടെയുള്ളത്. പ്രശ്‌നങ്ങള്‍ എത്ര സങ്കീര്‍ണമാണെങ്കിലും അതിനെയെല്ലാം ചങ്കൂറ്റത്തോടേയും വിവേകത്തോടേയും നേരിടുന്ന പെണ്ണുങ്ങള്‍ സിനിമയിലെ സുന്ദര കാഴ്ചയാണ്. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ഈ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ അതിശയത്തോടെ നോക്കി നില്‍ക്കുന്ന ആണുങ്ങളെയാണ് പ്രേക്ഷകര്‍ കാണുന്നത്.

ലൈംഗികത, പ്രണയം, വിവാഹേതര ബന്ധങ്ങള്‍ എന്നിവയെ സിനിമയില്‍ കൈകാര്യം ചെയ്യുന്ന രീതി ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകളെയെല്ലാം ഭീമന്റെ വഴിയില്‍ തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് തച്ചുടയ്ക്കുന്നു. മലയാളിയുടെ സദാചാരത്തെ തൃപ്തിപ്പെടുത്താന്‍ സൗകര്യമില്ലെന്നാണ് പല സീനുകളിലൂടേയും സിനിമ അടിവരയിടുന്നത്.

അങ്കമാലി ഡയറീസില്‍ നിന്ന് വ്യത്യസ്തമാണ് ഭീമന്റെ വഴിക്കായി ചെമ്പന്‍ വിനോദ് തയ്യാറാക്കിയ തിരക്കഥ. തുടക്കം മുതല്‍ ഒടുക്കം വരെ ഹ്യൂമര്‍ നിലനിര്‍ത്തി പ്രേക്ഷകനെ രസിപ്പിക്കാന്‍ ആവശ്യമായതെല്ലാം തിരക്കഥയില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമയില്‍ വന്നുപോയ എല്ലാ കഥാപാത്രങ്ങള്‍ക്കും ഐഡന്റിറ്റി നല്‍കിയതും പ്രേക്ഷകര്‍ ശ്രദ്ധിക്കുംവിധം സ്‌പേസ് നല്‍കിയതും ചെമ്പന്റെ തിരക്കഥയാണ്. തീര്‍ച്ചയായും കുടുംബസമേതം തിയറ്ററുകളില്‍ കാണേണ്ട സിനിമയാണ് ഭീമന്റെ വഴി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top