latest news
ആ സ്വരം ഇനിയില്ല…ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഓര്‍മയായി
സംഗീത ഇതിഹാസം ലതാ മങ്കേഷ്കര്‍ വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ത്യയുടെ വാനമ്പാടിയുടെ അന്ത്യം. 92 വയസ്സായിരുന്നു.
ലതാ മങ്കേഷ്കര്‍ കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം 2001 ല്‍ നല്കി രാജ്യം ആദരിച്ചു.
1929 സെപ്റ്റംബര്‍ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കര്‍, ഷേവന്തി മങ്കേഷ്കര്‍ എന്നിവരാണ് മാതാപിതാക്കള്‍. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്കര്‍. ഹേമ എന്നായിരുന്നു ലതയുടെ ആദ്യനാമമെങ്കിലും പിന്നീട് ലതയെന്ന പേര് മാതാപിതാക്കള്‍ തന്നെ തങ്ങളുടെ മൂത്തപുത്രിയ്ക്ക് നല്കി. 1942 ല്‍ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് തന്റെ മ്യൂസിക് കരിയര്‍ ലത ആരംഭിച്ചത്.