latest news
നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് പൊലീസ് സിനിമകള്‍
പൊലീസിന്റെ കഥ പറയുന്ന ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പൃഥ്വിരാജും നിവിന്‍ പോളിയും ഫഹദ് ഫാസിലും വരെ മികച്ച രീതിയില്‍ പൊലീസ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട് അഞ്ച് പൊലീസ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ആവനാഴി
മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രമാണ് 1986 ല്‍ റിലീസ് ചെയ്ത ആവനാഴിയിലേത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേര് മലയാളികള്‍ ഏറ്റെടുത്തു. ഐ.വി.ശശിയാണ് സിനിമ സംവിധാനം ചെയ്തത്. നീതിക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മസംഘര്‍ഷങ്ങളെ അതിമനോഹരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആവനാഴിയുടെ സീക്വല്‍ ആയി 1991 ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും റിലീസ് ചെയ്തു.
2. കമ്മീഷണര്‍
മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട സിനിമയാണ് കമ്മിഷണര്‍. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന മാസ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സുരേഷ് ഗോപി നിറഞ്ഞാടി. ആക്ഷന്‍ ത്രില്ലറായ കമ്മീഷണര്‍ 1994 ലാണ് റിലീസ് ചെയ്തത്. ഷാജി കൈലാസിന്റെ സംവിധാനം. മലയാളത്തിനു പുറത്ത് സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടത് കമ്മീഷണറിലൂടെയാണ്.

Suresh Gopi
3. ഓഗസ്റ്റ് 1
മമ്മൂട്ടിയുടെ മറ്റൊരു ഐക്കോണിക്ക് പൊലീസ് വേഷം. 1988 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഓഗസ്റ്റ് 1 തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. പെരുമാള്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഓഗസ്റ്റ് 1 ല്‍ അഭിനയിച്ചത്. മലയാളത്തിലെ ഏറ്റവും സ്‌റ്റൈലിഷായ കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.
4. മുംബൈ പൊലീസ്
മൂന്ന് പൊലീസ് ഓഫീസര്‍മാരുടെ സൗഹൃദത്തെ കുറിച്ച് പ്രതിപാദിച്ച സിനിമയാണ് മുംബൈ പൊലീസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസില്‍ പൃഥ്വിരാജും റഹ്മാനും ജയസൂര്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013 ല്‍ റിലീസ് ചെയ്ത മുംബൈ പൊലീസ് തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു.
5. മെമ്മറീസ്
മലയാളത്തിലെ മികച്ച ക്രൈം ത്രില്ലര്‍ മൂവികളില്‍ ഒന്ന്. പൃഥ്വിരാജ് സാം അലക്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ തിയറ്ററുകള്‍ ഇളക്കിമറിച്ചു. ഒടുക്കം വരെ ഉദ്വേഗം നിറയ്ക്കുന്ന കഥാതന്തു. ജീത്തു ജോസഫാണ് മെമ്മറീസ് സംവിധാനം ചെയ്തത്.
