latest news
‘നേരം’ സിനിമ യാഥാര്‍ഥ്യമാകാന്‍ 30 നിര്‍മാതാക്കളെ സമീപിച്ചു; ആദ്യ സിനിമയ്ക്ക് വേണ്ടി സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍
മലയാളത്തില്‍ വെറും രണ്ട് സിനിമകള്‍ കൊണ്ട് ട്രെന്‍ഡ് സൃഷ്ടിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ സിനിമകളാണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്തത്. മൂന്നാം സിനിമയായ ഗോള്‍ഡ് റിലീസിന് തയ്യാറെടുക്കുന്നു. ആദ്യ സിനിമയായ നേരത്തിന് വേണ്ടി താന്‍ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നുപറയുകയാണ് അല്‍ഫോണ്‍സ്.
ആദ്യ സിനിമയായ നേരത്തിന്റെ തിരക്കഥയുമായി മുപ്പതോളം നിര്‍മാതാക്കളെ താന്‍ കണ്ടിട്ടുണ്ടെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. ‘നേരം എന്ന സിനിമയ്ക്ക് മുന്‍പ് മറ്റൊരു തിരക്കഥയുമായി ഞാന്‍ ഇരുപതിനാലോളം നിര്‍മാതാക്കളെ കണ്ടിരുന്നു. നേരത്തിന് വേണ്ടി ഞാന്‍ മുപ്പത് നിര്‍മ്മാതാക്കളെയെങ്കിലും കണ്ടിട്ടുണ്ട്. ഹിന്ദിയില്‍ ഷട്ടര്‍ വര്‍ക്ക് ഔട്ട് ആയില്ല. പിന്നീട് അന്‍വര്‍ റഷീദ് ‘പ്രേമം’ ചെയ്യാം എന്ന് സമ്മതിച്ചു. പാട്ട് എന്ന സിനിമയ്ക്ക് വേണ്ടി എത്രയോ അഭിനേതാക്കളെ ഞാന്‍ നോക്കി. പിന്നീട് കോവിഡ് കാരണമുണ്ടായ തടസങ്ങള്‍ മൂലം അത് വൈകി. അപ്പോഴേക്കും ‘ഗോള്‍ഡ്’ യാഥാര്‍ഥ്യമായി. നിങ്ങള്‍ സ്വര്‍ണം കിട്ടുന്നത് വരെ കുഴിയെടുക്കുക. ആരോടും പരാതി പറയരുത്. നിങ്ങളെ കേള്‍ക്കാന്‍ ആരുമുണ്ടാകില്ല. ശരിയായ രീതിയില്‍ കുഴിച്ചാല്‍ മതി നിങ്ങള്‍ക്ക് സ്വര്‍ണ്ണമോ പെട്രോളോ വജ്രമോ വരെ ലഭിക്കും. അതുകൊണ്ട് ഒരിക്കല്‍ തോറ്റാല്‍, നിങ്ങള്‍ ഒരു മാരിയോ ഗെയിം കളിക്കുകയാണെന്ന് കരുതിയാല്‍ മതി. ആ കളി കഴിഞ്ഞാല്‍ വീണ്ടും കളിച്ചുകൊണ്ടേയിരിക്കുക,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നേരം തിയറ്ററുകളില്‍ മികച്ച വിജയം നേടിയ സിനിമയാണ്. അതിനുശേഷം പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം തിയറ്ററുകളില്‍ വമ്പന്‍ വിജയമായി.