Connect with us

Screenima

Mammootty

latest news

മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായ അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇതാ

മമ്മൂട്ടി സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇതിനിടയില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ട കരിയറാണ് മമ്മൂട്ടിയുടേത്. മെഗാസ്റ്റാര്‍ എന്ന വിശേഷണം മുതല്‍ മലയാള സിനിമയില്‍ നിന്ന് ഫീല്‍ഡ് ഔട്ട് ആകുമെന്ന സ്ഥിതി വിശേഷം വരെ ഇക്കാലയളവില്‍ ഉണ്ടായി. ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ച നടന്‍ കൂടിയാണ് മമ്മൂട്ടി. ഇതില്‍ മമ്മൂട്ടിയുടെ കരിയറില്‍ തന്നെ നിര്‍ണായക സ്വാധീനം ചെലുത്തിയ അഞ്ച് സൂപ്പര്‍ഹിറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ആ രാത്രി

Aa Rathri

Aa Rathri

മലയാളത്തിലെ ആദ്യ ഒരു കോടി കളക്ഷന്‍ നേടിയ സിനിമയാണ് ‘ആ രാത്രി’. മമ്മൂട്ടിയെന്ന സൂപ്പര്‍താരം ജനിക്കുന്നത് ഇവിടെയാണ്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജോഷിയാണ് ആ രാത്രി സംവിധാനം ചെയ്തത്. 1982 ലാണ് സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിക്ക് പുറമേ രതീഷ്, എം.ജി.സോമന്‍, പൂര്‍ണിമ ജയറാം, ലാലു അലക്‌സ് എന്നിവരും ആ രാത്രിയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

2. ഒരു സിബിഐ ഡയറിക്കുറിപ്പ്

മലയാള സിനിമ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ധൈര്യത്തോടെ കൈവയ്ക്കാന്‍ തുടങ്ങിയത് ഒരു സിബിഐ ഡയറിക്കുറിപ്പിന് ശേഷമാണ്. പതിവ് ശൈലിയിലുള്ള പാട്ടും ഡാന്‍സും നര്‍മ്മ രംഗങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഇത്ര വലിയ വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. 1988 ലാണ് എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു ഒരു സിബിഐ ഡയറിക്കുറിപ്പ് സംവിധാനം ചെയ്തത്. ചിത്രം ബാക്‌സ്ഓഫീസില്‍ വന്‍ വിജയം നേടി. മലയാളത്തിനു പുറത്ത് മമ്മൂട്ടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും താരമൂല്യം കുത്തനെ കൂടിയതും സിബിഐ ഡയറിക്കുറിപ്പിന്റെ ഐതിഹാസിക വിജയത്തിനു ശേഷമാണ്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, ജഗതി, മുകേഷ് എന്നിവരും സിബിഐ ഡയറിക്കുറിപ്പില്‍ അഭിനയിച്ചു.

3. ന്യൂഡെല്‍ഹി

തുടര്‍ പരാജയങ്ങളില്‍ നിരാശനായി മമ്മൂട്ടിയെന്ന താരവും നടനും തല താഴ്ത്തി നില്‍ക്കുന്ന സമയത്താണ് ന്യൂ ഡെല്‍ഹി റിലീസ് ചെയ്യുന്നത്. മമ്മൂട്ടി സിനിമകള്‍ക്ക് യാതൊരു മാര്‍ക്കറ്റും ഇല്ലാത്ത സമയമായിരുന്നു അത്. 1987 ജൂണ്‍ 24 നാണ് ന്യൂഡെല്‍ഹി തിയറ്ററുകളിലെത്തുന്നത്. ഈ ചിത്രം കൂടി പരാജയപ്പെട്ടാല്‍ താന്‍ സിനിമ കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയമായിരുന്നു അക്കാലത്ത് മമ്മൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍, ന്യൂഡെല്‍ഹിയിലൂടെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ മമ്മൂട്ടി ഉയരങ്ങളിലേക്ക് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡെല്‍ഹി ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായി.

4. രാജമാണിക്യം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് രാജമാണിക്യം. ബെല്ലാരി രാജ എന്ന കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടി. കോമഡിയും തനിക്ക് വഴങ്ങുമെന്ന് ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടി തെളിയിച്ചു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം 2005 ലാണ് റിലീസ് ചെയ്തത്. മലയാള സിനിമയില്‍ അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും രാജമാണിക്യം മറികടന്നു.

5. പഴശ്ശിരാജ

ചരിത്ര കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍ പ്രത്യേക കഴിവുള്ള മമ്മൂട്ടി പഴശ്ശിരാജയിലൂടെ ബോക്‌സ്ഓഫീസില്‍ ബഹുദൂര മുന്നേറ്റം നടത്തി. 2009 ലാണ് പഴശ്ശിരാജ തിയറ്ററുകളിലെത്തിയത്. ഹരിഹരനാണ് സിനിമ സംവിധാനം ചെയ്തത്. മലയാളത്തിനു പുറത്തും പഴശ്ശിരാജ വമ്പന്‍ നേട്ടമുണ്ടാക്കി. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരുന്നു പഴശ്ശിരാജ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top