latest news
തിയറ്ററില്‍ വന്‍ വിജയമല്ല, എങ്കിലും വീട്ടില്‍ റിലാക്‌സ് ചെയ്തിരുന്ന് കാണാന്‍ പറ്റിയ മൂന്ന് പ്രിയദര്‍ശന്‍ ചിത്രങ്ങള്‍
പ്രേക്ഷകന്റെ പള്‍സ് അറിയുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ് പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വലിയ പ്രതീക്ഷകളോടെ എത്തിയ ചില പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തിയറ്ററില്‍ വിജയമാകാതെ പോയിട്ടുണ്ട്. പിന്നീട് ആ സിനിമകള്‍ മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്തു. അങ്ങനെയുള്ള മൂന്ന് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. കുടുംബസമേതം തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന മൂന്ന് സിനിമകളാണ് ഇവ.
1. വെട്ടം
പ്രിയദര്‍ശന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാച്ചബിളിറ്റിയുള്ള സിനിമയാണ് വെട്ടം. രണ്ടായിരത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള മുഴുനീള ഹാസ്യ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് വെട്ടം ഉണ്ടാകും. 2004 ലാണ് സിനിമ റിലീസ് ചെയ്തത്. ദിലീപ്, ഭാവ്‌ന പാനി, കലാഭവന്‍ മണി, ഇന്നസെന്റ്, ജഗതി, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ഈ സിനിമയില്‍ അണിനിരന്നത്. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ഹിറ്റാണ്.
2. മേഘം
മമ്മൂട്ടിയുടെ വേറിട്ട വേഷമാണ് മേഘത്തെ കൂടുതല്‍ ജനകീയമാക്കിയത്. 1999 ലാണ് മേഘം പുറത്തിറങ്ങിയത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച സിനിമ കൂടിയാണ് മേഘം. ചിത്രത്തിലെ ശ്രീനിവാസന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്.
3. കാക്കക്കുയില്‍
മോഹന്‍ലാല്‍-മുകേഷ് കെമിസ്ട്രി ഗംഭീരമായി അവതരിപ്പിച്ച സിനിമ. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ പ്രിയദര്‍ശന് കാക്കക്കുയിലിലൂടെ സാധിച്ചു. ജഗതി, ഇന്നസെന്റ്, ജഗദീഷ്, കൊച്ചിന്‍ ഹനീഫ എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2001 ലാണ് സിനിമ റിലീസ് ചെയ്തത്.