Connect with us

Screenima

Rorschach

Gossips

മമ്മൂട്ടി ചോരക്കൊതി മാറാത്ത വില്ലനോ? ‘റോഷാക്ക്’ എന്താണ്

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. റോഷാക്ക് എന്ന പേരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണ് റോഷാക്ക് എന്ന സംശയമാണ് ആരാധകരില്‍. ഈ സംശയത്തിന് ഉത്തരവുമായി എത്തുകയാണ് ജോസ്മോന്‍ വാഴയില്‍ എന്ന പ്രേക്ഷകന്‍. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് (എം3ഡിബി) എന്ന ഫെയ്സ്ബുക്ക് പേജിലായിരുന്നു റോഷാക്കിനെപ്പറ്റിയുള്ള ജോസ്മോന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മമ്മൂട്ടിയുടെ പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും വന്നു. ‘RORSCHACH’. ഇത് വായിക്കേണ്ടത് ‘റോഷാക്ക്’ എന്നാണ് എന്ന് മനസിലാക്കുന്ന മലയാളം പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. ‘റോഷാക്ക്’ അതൊരു പുതിയ സംഭവമാണല്ലോ….! ഹേയ് അല്ലാന്നേ… ‘ഹോം’ സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് കൗണ്‍സിലിങിനായി ഡോ. ഫ്രാങ്ക്ലിന്റെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ ഒരു പേപ്പര്‍ പൂരിപ്പിക്കാനായി കൊടുക്കുന്നത് ഓര്‍മയില്ലേ. അതില്‍ കുറെ ചിത്രങ്ങളും മറ്റുമായിരുന്നു. അതില്‍ എന്ത് കാണുന്നു, എന്താണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ പൂരിപ്പിക്കാന്‍ പറഞ്ഞുകൊണ്ട് കൊടുക്കുന്ന ആ പേപ്പറിന്റെ മൂന്നാമത്തെ ഗ്രൂപ്പ് ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ…?? എന്തൊക്കെയോ ഷെയ്പ്പില്‍ വശങ്ങള്‍ ഒരേപോലെയുള്ള ചില മഷിഛായ ചിത്രങ്ങള്‍…! അതില്‍ അയാള്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ പ്രശ്നങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. അതാണ് ‘റോഷാക്ക് ടെസ്റ്റ്’ എന്ന് പെട്ടന്ന് മനസിലാക്കാനായി സിമ്പിളായി പറയാം. സംഭവം അതുക്കും മേലേയാണ്.

എന്താണ് ഈ റോഷാക്ക് ?

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കളോജിക്കല്‍ ടെസ്റ്റാണ്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാള്‍ അതില്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ രേഖപ്പെടുത്തുകയും, തുടര്‍ന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കില്‍ സങ്കീര്‍ണമായ അല്‍ഗോരിതങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്. ചില മനഃശാസ്ത്രജ്ഞര്‍ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഈ പരിശോധന ഉപയോഗിക്കുന്നത്.

Mammootty

Mammootty

അന്തര്‍ലീനമായ ചിന്താ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികള്‍ അവരുടെ ചിന്താ പ്രക്രിയകള്‍ തുറന്ന് വിവരിക്കാന്‍ മടിക്കുന്ന സന്ദര്‍ഭങ്ങളില്‍. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാന്‍ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടത്രെ.

ഇതെന്താ അതിനിങ്ങനെ പേര്?

1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലായി ഈ ടെസ്റ്റിന്റെ പേരും. റോഷാക്ക് ടെസ്റ്റ്. പിറ്റേ വര്‍ഷം, 1922 ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു. തുടര്‍ന്ന്, 1960 കളിലാണ് ഈ ഒരു രീതി ഏറ്റവും വ്യാപകമായി ഉപയോഗിച്ചതായി പറയപ്പെടുന്നത്. മുകളില്‍ പറഞ്ഞതുപോലെയുള്ള ചിത്രങ്ങള്‍ കാണിച്ച് നിരീക്ഷകന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഥവത്തായ വസ്തുക്കള്‍, ആകൃതികള്‍ അല്ലെങ്കില്‍ പ്രകൃതിദൃശ്യങ്ങള്‍, ഏറ്റവും സാധാരണമായ മുഖങ്ങള്‍ അല്ലെങ്കില്‍ മറ്റ് രൂപങ്ങളുടെ എന്തെങ്കിലും പാറ്റേണ്‍ എന്നിവ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയം അയാള്‍ക്ക് പറയാന്‍ പോലും ആവാത്ത കാര്യങ്ങള്‍ വരെ മനസിലാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പറയപ്പെടുന്നു.

ഇനി മമ്മുട്ടിയുടെ ‘റോഷാക്ക്’ പോസ്റ്ററിലേക്ക് വരാം. കസേരയില്‍ ഇരിക്കുന്ന നായകന്റെ പുറകില്‍ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാം. അതു കൂടാതെ ടൈറ്റിലില്‍ ‘O’ എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം. ഇനിയുമുണ്ട്….! നായകന്റെ മുഖം മറച്ചിരിക്കുന്ന സ്റ്റൈല്‍, 1986 ല്‍ DC Comics പുറത്തിറക്കിയ ‘വാച്ച്മാന്‍’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ, വാച്ച്മാന്റെ 6 പ്രധാനവേഷങ്ങളില്‍ ഒന്നായിരുന്ന ‘റോഷാക്ക്’ എന്ന കഥാപാത്രത്തെ ചെറിയ രീതിയില്‍ ഓര്‍മിപ്പിക്കുന്നതാണ്. ബാക്കി കഥയറിയാന്‍ സിനിമയ്ക്കായി കാത്തിരിക്കാം…!

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top