latest news
കഥ, തിരക്കഥ, സംഭാഷണം: ജോണ്‍ പോള്‍; ഓര്‍മയായി ഇതിഹാസ തിരക്കഥാകൃത്ത്, വിതുമ്പി മലയാള സിനിമ
മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി ഒരു മരണവാര്‍ത്ത കൂടി. ഇതിഹാസ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്‍പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.
ഭരതന് വേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിവയാണ് ജോണ്‍ പോള്‍ തിരക്കഥ രചിച്ചതില്‍ പ്രധാനപ്പെട്ട സിനിമകള്‍.