Connect with us

Screenima

Mammootty

Gossips

നായര്‍സാബിന്റെ സെറ്റില്‍വെച്ച് മമ്മൂട്ടി കരഞ്ഞു; സിനിമ കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന സമയം

മലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തി മുന്നേറുകയായിരുന്നു മമ്മൂട്ടി. അതിനിടയില്‍ മമ്മൂട്ടിയെന്ന താരത്തിന്റെ ഗ്രാഫ് പതിയെ താഴാന്‍ തുടങ്ങി. കുടുംബ ചിത്രങ്ങളില്‍ താരം തളച്ചിടപ്പെട്ടു. മമ്മൂട്ടിയുടെ ഒരേ തരം കഥാപാത്രങ്ങള്‍ ആരാധകരെ മടുപ്പിച്ചു. ബോക്‌സോഫീസില്‍ തുടരെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങി. മമ്മൂട്ടിയെന്ന നടനെവച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിച്ചു.

കരിയറിനു തിരശീല വീഴുമെന്ന് മമ്മൂട്ടി പോലും വിചാരിച്ച സമയത്താണ് ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാന്‍ ജോഷിയും ഡെന്നീസ് ജോസഫും തീരുമാനിക്കുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കി. ജോഷി സംവിധാനം ചെയ്തു. ജി.കൃഷ്ണമൂര്‍ത്തിയെന്ന ‘ജി.കെ’ യായി മമ്മൂട്ടി പ്രധാന വേഷത്തിലെത്തി. സുരേഷ് ഗോപി, സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ധിഖ്, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നു.

ന്യൂഡല്‍ഹി കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മമ്മൂട്ടി തന്റെ അടുത്ത സിനിമയായ നായര്‍സാബിന്റെ ഷൂട്ടിലാണ്. ജോഷി തന്നെയാണ് സംവിധായകന്‍. തിരക്കഥാകൃത്തിന്റെ വേഷത്തില്‍ ഡെന്നീസ് ജോസഫും ഉണ്ട്. ന്യൂഡല്‍ഹി കൂടി പരാജയപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മമ്മൂട്ടിക്ക് അറിയാം.

Mammootty in New Delhi

Mammootty in New Delhi

ന്യൂഡല്‍ഹി കേരളത്തില്‍ റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നായര്‍സാബിന്റെ സെറ്റിലേക്ക് ഫോണ്‍ കോള്‍ വരുന്നു. ചിത്രത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ മമ്മൂട്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്. ന്യൂഡല്‍ഹി കേരളത്തില്‍ സൂപ്പര്‍ഹിറ്റാണെന്ന് നായര്‍സാബിന്റെ സെറ്റില്‍ അറിയുന്നു. ഈ വാര്‍ത്ത അറിഞ്ഞ മമ്മൂട്ടി വളരെ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചതെന്ന് ഡെന്നീസ് ജോസഫ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ ജോഷിയെ കെട്ടിപ്പിടിച്ച് മമ്മൂട്ടി കരയുകയായിരുന്നെന്ന് ഡെന്നീസ് പറയുന്നു.

ന്യൂഡല്‍ഹി കേരളത്തിന്റെ അതിര്‍ത്തി കടന്ന് ആഘോഷിക്കപ്പെട്ടു. ഒരു മലയാള സിനിമ കേരളത്തിന് അപ്പുറം ട്രെന്‍ഡാകുന്നത് വളരെ അപൂര്‍വ്വമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കെയാണ് ന്യൂഡല്‍ഹി വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. പിന്നീട് ന്യൂഡല്‍ഹിയുടെ അവകാശം തേടി രജനീകാന്ത് എത്തിയതും ചരിത്രം.

 

Continue Reading
To Top