Connect with us

Screenima

latest news

ഡേറ്റിങ്ങും പ്രഗ്‌നന്‍സിയും ഒരുമിച്ച്; അമല പോള്‍

വിവാഹവും മാതൃത്വവുമെല്ലാം ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി അമല പോള്‍. ഭര്‍ത്താവ് ജഗത് ദേശായിയെ പരിചയപ്പെട്ടതും പ്രണയബന്ധം ദൃഢമാകുന്നതിനു മുന്‍പേ ഗര്‍ഭിണിയായതുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങളായിരുന്നില്ലെന്ന് താരം പറയുന്നു. ഡേറ്റിങ്ങും ഗര്‍ഭകാലവും ഒരേസമയം മുന്നോട്ടുപോയ ആ ഘട്ടം വളരെ വിചിത്രമായിരുന്നുവെന്നും അമല വെളിപ്പെടുത്തി.

ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഈ അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് അമല മനസുതുറന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍ പോയപ്പോഴാണ് ജഗത്തിനെ പരിചയപ്പെടുന്നത്. പിന്നീട് കാര്യങ്ങള്‍ വളരെ വേഗത്തില്‍ മാറി. ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനു മുന്‍പേ കുഞ്ഞുണ്ടാകാനുള്ള സന്തോഷവാര്‍ത്തയുമെത്തി.

‘എങ്ങനെയാണ് ഇതൊക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനാവുക? ആരോ ചരടുകള്‍ വലിക്കുന്ന ഒരു പാവയെപ്പോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത്. അതൊരു ഭയങ്കര ക്രേസി അവസ്ഥയായിരുന്നു. ഡേറ്റിങ്ങും പ്രഗ്‌നന്‍സിയും ഒരുമിച്ച് നടന്നതുപോലെയായിരുന്നു ആ ഘട്ടം. ജീവിതം മുന്നോട്ടുപോകുമ്പോള്‍ അതിനൊപ്പം എത്താനും പുതിയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനുമാണ് ഞാന്‍ ശ്രമിച്ചത്,’ അമല പറഞ്ഞു.

മകന്റെ വരവോടെ ജീവിതം പൂര്‍ണമായും മാറിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡയപ്പറുകളും ഉറക്കമില്ലാത്ത രാത്രികളും കുഞ്ഞിന്റെ കൊഞ്ചലുകളും കെട്ടിപ്പിടുത്തങ്ങളുമൊക്കെയായി പുതിയൊരു ലോകത്താണ് ഇപ്പോള്‍. പാരന്റ്ഹുഡ് ജീവിതത്തിലെ വലിയൊരു പാഠശാലയാണെന്നും അത് ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും അമല പറയുന്നു.

മുന്‍കാല ബന്ധങ്ങളിലെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹമില്ല. മുമ്പ് ചെറിയ കാര്യങ്ങളില്‍പ്പോലും പിണങ്ങുകയും അതേക്കുറിച്ച് ചിന്തിച്ച് സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം സാഹചര്യങ്ങളെ കൂടുതല്‍ പക്വതയോടെ സമീപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

Continue Reading
To Top