latest news
നിഗൂഢ ആചാരത്തിന്റെ ചുരുളഴിക്കാൻ ജയസൂര്യ; ഭയവും ആകാംക്ഷയും നിറച്ച് ‘മായൻ’ ട്രെയിലർ പുറത്ത്
കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ‘കറുത്തച്ചനൂട്ട്’ എന്ന നിഗൂഢമായ ആചാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘മായൻ: ചാപ്റ്റർ 1 – ബിയോണ്ട് ദ ഷാഡോസി’ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ത്രില്ലറിൽ ജേസൺ വർഗീസ് എന്ന പോലീസ് ഓഫീസറായാണ് ജയസൂര്യ എത്തുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കോമഡി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച റാഫി ഇത്തരമൊരു ഡാർക്ക് മിസ്റ്ററി ത്രില്ലറിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, വിഷ്ണു അഗസ്ത്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മുജീബ് മജീദിന്റെ നിഗൂഢത നിറഞ്ഞ പശ്ചാത്തല സംഗീതവും ഫൈസൽ അലിയുടെ ഛായാഗ്രഹണവും ട്രെയിലറിന്റെ ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രം ഡിസംബർ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
