latest news
സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’; ഗ്രാൻഡ് ഓഡിയോ ലോഞ്ച് നവംബർ 27-ന് കൊച്ചിയിൽ
സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഡിവോഷണൽ ത്രില്ലർ ചിത്രം ‘ഹരിവരാസന’ത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് നവംബർ 27-ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രശസ്ത ഭജൻ സംഘമായ നന്ദഗോവിന്ദം ഭജൻസിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും. ഈ മെഗാ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ 12 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ഗാനരംഗത്തിൽ നന്ദഗോവിന്ദം ഭജൻസ് ആലാപനത്തിനൊപ്പം അഭിനയിക്കുകയും ചെയ്യുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. അമ്പാടി കെ. തിരക്കഥയെഴുതുന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം തമിഴ് താരം യോഗി ബാബു, സിതാര വിജയൻ, ബേബി ഇവ, സമ്പത്ത് രാജ്, നമിത പ്രമോദ്, ജോയ് മാത്യു, മധുപാൽ, സുധീർ കരമന, മണിയൻപിള്ള രാജു തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നു.
വിശ്വാസവും യുക്തിചിന്തയും നിഗൂഢതയും കോർത്തിണക്കി ശബരിമല തീർത്ഥാടന പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം വിനായക അജിത്, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പനോരമ സ്റ്റുഡിയോസ് ആഗോളതലത്തിൽ വിതരണത്തിനെത്തിക്കുന്ന ‘ഹരിവരാസനം’ 2027 ജനുവരി 15-ന് മകരവിളക്ക് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
