Connect with us

Screenima

latest news

വിജയം പഠിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പരാജയം പഠിപ്പിച്ചു; സാമന്ത

വിജയങ്ങള്‍ മാത്രമല്ല, പരാജയങ്ങളും ജീവിതത്തില്‍ വലിയ പാഠങ്ങള്‍ നല്‍കുമെന്ന് നടി സാമന്ത റൂത്ത് പ്രഭു. തന്റെ ആദ്യ ബിസിനസ് പങ്കാളിത്തം പരാജയപ്പെട്ടുവെന്നും ആ അനുഭവം പിന്നീട് നടത്തിയ ഓരോ നിക്ഷേപത്തെയും ബിസിനസ് തീരുമാനങ്ങളെയും സ്വാധീനിച്ചുവെന്നും താരം വെളിപ്പെടുത്തി. സംരംഭകത്വത്തിലെ പരാജയങ്ങളെക്കുറിച്ചും ബിസിനസ് രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു സാമന്ത.

‘ദി മസൂം മിനാവാല ഷോ’യില്‍ അതിഥിയായെത്തിയപ്പോഴാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. ആദ്യ ബിസിനസ് പങ്കാളിത്തം വിജയിച്ചില്ലെന്നും അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ ആ പരാജയം തനിക്ക് വലിയ പാഠമായെന്നാണ് സാമന്തയുടെ വാക്കുകള്‍.

ആദ്യമായി നിക്ഷേപിക്കുന്ന സംരംഭം പരാജയപ്പെടുന്നത് ചിലപ്പോള്‍ നല്ലതാണെന്നും വിജയത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പരാജയങ്ങളില്‍നിന്ന് പഠിക്കാനാകുമെന്നും സാമന്ത പറഞ്ഞു. തന്റെ ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ കൂടുതല്‍ പാഠങ്ങള്‍ നല്‍കിയത് പരാജയങ്ങളാണ്. വിജയത്തില്‍നിന്ന് തനിക്ക് കാര്യമായി ഒന്നും പഠിക്കാനായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ നേരിടുന്ന ഭയത്തെക്കുറിച്ചും സാമന്ത സംസാരിച്ചു. ഒരു സംരംഭം തുടങ്ങാനുള്ള മടി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലായി കാണുന്നുണ്ടെന്നാണ് താരത്തിന്റെ നിരീക്ഷണം. അതിന് പിന്നില്‍ പലതരത്തിലുള്ള ഭയങ്ങളുണ്ടെന്നും സാമന്ത ചൂണ്ടിക്കാട്ടി.

സ്ത്രീ സംരംഭകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞു. ഇതുവരെ എട്ടുമുതല്‍ പത്തുവരെ ബിസിനസുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണത്തിനും നേതൃത്വം നല്‍കുന്നത് സ്ത്രീകളാണെന്നും സാമന്ത വെളിപ്പെടുത്തി. പുരുഷന്മാര്‍ക്ക് ആധിപത്യമുള്ള സിനിമാ മേഖലയില്‍നിന്ന് എത്തുന്ന തനിക്ക് സ്ത്രീ സംരംഭകരോടൊപ്പം പ്രവര്‍ത്തിക്കുന്നത് പുതിയൊരു പഠനാനുഭവമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top