latest news
ഞാന്‍ ഹാപ്പിയാണ്’; രേണു സുധി
അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കീമോ സെഷന്‍സ് പൂര്‍ത്തിയാക്കി പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് രേണുവിപ്പോള്‍.
ഇപ്പോഴിതാ ബിഗ് ബോസില്‍ വെച്ച് മോഹന്‍ലാല്‍ ചോദിച്ച ഒരു ചോദ്യവും അതിന് താന്‍ നല്കിയ മറുപടിയും ജീവിതത്തില്‍ അറംപറ്റിയതുപോലെ സംഭവിച്ചിരിക്കുകയാണെന്ന് പറയുകയാണ് രേണു സുധി. ഇതു സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
എന്നാല്‍ താനിപ്പോള്‍ സന്തോഷവതിയാണെന്നും ദൈവം തന്നെ ഇതുവരെ എത്തിച്ചെന്നും രേണു കൂട്ടിച്ചേര്‍ത്തു. ”ലാലേട്ടന് അന്നു ചോദിച്ചത് ജീവിതത്തില്‍ അറം പറ്റിയതു പോലെയായിപ്പോയി. മൊട്ടയടിച്ചു. ഇപ്പോള്‍ മുടിയൊക്കെ വളരുന്നുണ്ട്. ഈ കാണുന്നതൊക്കെ വിഗ്ഗാണ്. പക്ഷേ, ദൈവം എന്നെ ഇത്രത്തോളം നിര്‍ത്തിയതില്‍ ഞാന്‍ ഹാപ്പിയാണ്. ഒരുപാട് നല്ല ആളുകളുടെ പ്രാര്‍ഥന, വഴിപാട്, നേര്‍ച്ച ഇതൊക്കെയാണ് എന്നെ മുന്പോട്ട് കൊണ്ടുപോകുന്ന ശക്തി’.- രേണു പറഞ്ഞു.
ബിഗ് ബോസ് മലയാളം റിയാലിറ്റി സീസണ് 7 ലെ മത്സരാര്‍ഥിയായിരുന്നു രേണു സുധി. ഷോയിലെ വീക്കെന്‍ഡ് എപ്പിസോഡിലായിരുന്നു മോഹന്‍ലാല്‍ രേണുവിനോട് ഇക്കാര്യം പറഞ്ഞത്. ‘തലമുടി മൊട്ടയടിക്കാന്‍ റെഡിയാണോ?’ എന്നായിരുന്നു ചോദ്യം. ഇല്ല ലാലേട്ടാ, ഇപ്പോള്‍ ഉള്ളതു തന്നെ എക്സ്റ്റെന്ഷന് വെച്ചതാണ് എന്നായിരുന്നു ചിരിയോടെ രേണുവിന്റെ മറുപടി.
