Connect with us

Screenima

latest news

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളുമാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോയ്ക്ക് പിന്തുണയുമായി ദിയ എത്തിയത് വിവാദമായിരുന്നു. പിന്നാലെ ദിയ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് താന്‍ ഇന്റസ്റ്റഗ്രാമില്‍ നിന്നും കുറച്ച് സമയത്തേക്ക് വിട്ടു നില്‍ക്കുകയാണെന്ന് ദിയ അറിയിച്ചിരിക്കുന്നത്. എത്ര സത്യസന്ധയും നല്ല ഹൃദയത്തിന് ഉടമയുമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങളെ പിച്ചിച്ചീന്തും എന്നാണ് ദിയ പറയുന്നത്.

”നിങ്ങള്‍ എത്ര തന്നെ സത്യസന്ധതയും, നല്ല ഹൃദയത്തിന് ഉടമയുമായാലും തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ ചില ആളുകള്‍ക്ക് നിങ്ങളെ പിച്ചിച്ചീന്താനാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ബന്ധങ്ങളെപ്പോലും തകര്‍ക്കാനാകും. കുറച്ച് സമയത്ത് ഇന്‍സ്റ്റഗ്രാമിനോട് ഗുഡ് ബൈ പറയുന്നു. ഈ നെഗറ്റിവിറ്റിയില്‍ നിന്നും എന്നെ ഡിടോക്സിഫൈ ചെയ്യാനുണ്ട്. എന്നെ ഇതുവരെ സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. അഡിയോസ്” എന്നാണ് ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിദ്വേഷ വിഡിയോയിലെ കമന്റില്‍ വിശദീകരണവുമായി നേരത്തെ ദിയ എത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു ലിറ്റിചോക്കപ്പ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്. ഈ വിഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് ദിയ കമന്റ് ചെയ്തത് വലിയ വിവാദമായിരുന്നു.

ഇതോടെയാണ് ദിയ വിശദീകരണവുമായെത്തിയത്. വിഡിയോയുടെ ആദ്യ പകുതി മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. കേരളത്തിലെ കഫേയില്‍ ജിന്നയുടെ ഫോട്ടോ വച്ചതിനെക്കുറിച്ചായിരുന്നു തന്റെ കമന്റ്. മുസ്ലീമുകളോട് വിരോധമില്ലെന്നും അവര്‍ കേരളം വിടണമെന്ന് ഒരിക്കലും പറയില്ലെന്നും ദിയ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം.

Continue Reading
To Top