latest news
ദിലീഷ് പോത്തനും വിനീതും ഒന്നിക്കുന്ന ‘ബൗമ’ നവംബർ 12-ന് തീയേറ്ററുകളിലേക്ക്
‘പെൻഡുലം’ എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന് ശേഷം സംവിധായകൻ റെജിൻ എസ്. ബാബു ഒരുക്കുന്ന പുതിയ ചിത്രം ‘ബൗമ’ തീയേറ്ററുകളിലേക്ക് . ആകാംഷയും ദുരൂഹതയും നിറഞ്ഞ ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 2026 നവംബർ 12-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാള സിനിമയിലെ പ്രമുഖ വിതരണക്കാരായ ഭാവന റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ‘ഒരു രഹസ്യങ്ങളുടെ സിംഫണി, സസ്പെൻസിന്റെ ഒരു വിരുന്ന്’എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
മലയാള സിനിമയിലെ പ്രതിഭാധനരായ ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അദിതി ബാലൻ, ലെന, രേവതി ശർമ്മ, മോക്ഷ സെൻഗുപ്ത, മേരിൻ ഫിലിപ്പ്, മധുപാൽ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പാൻ-ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ‘ബൗമ’, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ഒരേസമയം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ഒരു വലിയ ഡൈനിംഗ് ടേബിളിന് ചുറ്റും ദുരൂഹത നിറഞ്ഞ ഭാവങ്ങളോടെ ഇരിക്കുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രശസ്ത ക്രൈം ത്രില്ലർ എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ നോവലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റേത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ഒരു ഫാമിലി ഡ്രാമയായിരിക്കും ഇതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.
