latest news
വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്; മറുപടിയുമായി അഹാന
സെപ്റ്റംബര് 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന് നിമിഷ് രവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വലിയ രീതിയില് ശ്രദ്ധ നേടിയിരുന്നു. എന്നാല്, ചിത്രങ്ങള് പുറത്തുവന്നതിനു പിന്നാലെ പതിവുപോലെ ചില കോണുകളില് നിന്ന് അനാവശ്യമായ വിമര്ശനങ്ങളും ഉപദേശങ്ങളും ഉയര്ന്നു. അഹാനയുടെ വെഡ്ഡിംഗ് ലുക്ക് അത്ര പോരെന്നും, ഡാന്സ് പെര്ഫോമന്സിന് പോകുന്നതുപോലെയുണ്ടെന്നുമൊക്കെയായിരുന്നു ചിലരുടെ നെഗറ്റീവ് കമന്റുകള്.
ഇത്തരം അനാവശ്യ സൈബര് വിമര്ശനങ്ങള്ക്കും അനാവശ്യ ഉപദേശകര്ക്കും വ്യക്തവും ശക്തവുമായ മറുപടിയുമായി ഇപ്പോള് രംഗത്തെത്തിയിരിക്കുകയാണ് അഹാന. തന്റെ ഇന്സ്റ്റാഗ്രാം പേജില് പങ്കുവെച്ച ദീര്ഘമായ കുറിപ്പിലൂടെയാണ് സ്വന്തം തീരുമാനങ്ങളെയും ലുക്കിനെയും കുറിച്ച് അഹാന മനസ്സ് തുറന്നത്.
തന്റെ ജീവിതത്തില് ഏറ്റവും കൂടുതല് ഭംഗി തോന്നിയ നിമിഷമായിരുന്നു അതെന്ന് അഹാന പറയുന്നു. ഒരുക്കങ്ങള് പൂര്ത്തിയാക്കി കണ്ണാടിയില് സ്വന്തം രൂപം കണ്ടപ്പോള് പറഞ്ഞറിയിക്കാനാവാത്ത ചാരിതാര്ത്ഥ്യമാണ് ഉണ്ടായത്. വീണ്ടുമൊരു അവസരം ലഭിച്ചാല് പോലും ഒരു ചെറിയ മാറ്റവും വരുത്താതെ ഇതേ ലുക്കില് തന്നെയായിരിക്കും താന് ഒരുങ്ങുകയെന്നും അഹാന വ്യക്തമാക്കി.
എന്റെ ജീവിതത്തില് എനിക്ക് ഏറ്റവും ഭംഗി തോന്നിയ നിമിഷം!
നമ്മുടെ സങ്കല്പ്പങ്ങളും അധ്വാനവും ഒടുവില് കിട്ടുന്ന ഫലവും ഒത്തുചേര്ന്ന് പൂര്ണ്ണതയിലെത്തുമ്പോള് ഉണ്ടാകുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് തന്നത് കൃത്യമായി ആ ഒരു ചാരിതാര്ത്ഥ്യമാണ്. വീണ്ടുമൊരിക്കല് കൂടി അണിഞ്ഞൊരുങ്ങാന് ഒരവസരം കിട്ടിയാല്, ഇതില് ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയില് തന്നെയാകും ഞാന് ഒരുങ്ങുക!
എന്റെ അമ്മ എന്നെ നോക്കി പറഞ്ഞത്, എന്നെ ഇങ്ങനെ നോക്കിക്കൊണ്ടേയിരിക്കാന് തോന്നുന്നത് കൊണ്ട് ഈ വേഷം മാറ്റരുതെന്നാണ്!
പ്രിയപ്പെട്ട വധുക്കളെ, നിങ്ങളുടെ വിവാഹത്തിനായാലും (അല്ലെങ്കില് മറ്റേതൊരു ദിവസമായാലും) നിങ്ങള് എങ്ങനെ ഒരുങ്ങണമെന്ന് തിരഞ്ഞെടുക്കുന്നത്, നിങ്ങള് നിങ്ങളെ എങ്ങനെ കാണുന്നു, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ ഇഷ്ടങ്ങള്, ആഗ്രഹങ്ങള്, വികാരങ്ങള് എന്നിവയുടെ പ്രതിഫലനമാണ്. നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങള്ക്ക് തന്നെയാണ്!
മുടി കെട്ടിയത് വേറെ രീതിയില് ആകാമായിരുന്നു, വസ്ത്രം മറ്റൊന്നാകാമായിരുന്നു, ആഭരണങ്ങള് അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്, നിറം വേറെ ആക്കേണ്ടതായിരുന്നു എന്നിങ്ങനെ ഉപദേശങ്ങളുമായി എപ്പോഴും ആളുകള് കാണും.
പക്ഷേ സത്യം എന്തെന്നാല്, അതൊന്നും ഒരു കാര്യമേയല്ല. സത്യത്തില്, അതിനൊരു പ്രാധാന്യവും നല്കേണ്ടതില്ല.
നിങ്ങള് എങ്ങനെ ഒരുങ്ങണം എന്നതിന് മാനദണ്ഡമാകേണ്ട ഒരേയൊരു കാര്യം, കണ്ണാടിയില് സ്വന്തം രൂപം കാണുമ്പോള് നിങ്ങള്ക്ക് എന്തു തോന്നുന്നു എന്നത് മാത്രമാണ്. എന്നെ സംബന്ധിച്ച്, കണ്ണാടിയില് എന്നെത്തന്നെ നോക്കിയപ്പോള് എനിക്ക് അതിയായ സൗന്ദര്യം തോന്നി. ഉള്ളില് നിന്ന് ഉണര്ന്ന് ചുറ്റും തിളങ്ങിനില്ക്കുന്ന ഒരുതരം സൗന്ദര്യം എന്നാമ് താരം പറഞ്ഞത്.
