latest news
വേണ്ട, അമ്മു 10 ചേട്ടന്മാര്ക്ക് തുല്യം; അഹാനയെക്കുറിച്ച് സഹോദരിമാര്
മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന് നിമിഷ് രവിയും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ പ്രധാന ചര്ച്ചാവിഷയം. പത്തു വര്ഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവില് ഒന്നായ ഇരുവരുടെയും വിവാഹ വീഡിയോ ആരാധകരുടെ ഹൃദയം കവരുകയാണ്. അഹാനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ‘കോര് മെമ്മറി’ എന്ന പേരില് പുറത്തുവിട്ട വെഡ്ഡിംഗ് വീഡിയോ ഒരു ഫീല് ഗുഡ് സിനിമ പോലെ മനോഹരമാണ്.
ഒന്പത് മാസത്തോളം നീണ്ട ചിട്ടയായ പ്ലാനിംഗിലൂടെയാണ് താന് ഈ സ്വപ്നവിവാഹം യാഥാര്ത്ഥ്യമാക്കിയതെന്ന് അഹാന വീഡിയോയില് വ്യക്തമാക്കുന്നു. ചടങ്ങുകളുടെ ഓരോ സൂക്ഷ്മഘടകങ്ങളിലും അഹാന പുലര്ത്തിയ കൃത്യതയെയും പ്ലാനിംഗ് മികവിനെയും വരന് നിമിഷും കുടുംബാംഗങ്ങളും അതിഥികളും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.
വിവാഹത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്ന് അഹാനയുടെ പ്രിയപ്പെട്ട സഹോദരിമാരായ ദിയ, ഇഷാനി, ഹന്സിക എന്നിവര് ചേച്ചിയെക്കുറിച്ച് സംസാരിക്കുന്ന ഭാഗമാണ്. വാക്കുകള് ഇടറി, കണ്ണുകള് നിറഞ്ഞു കൊണ്ടാണ് ദിയയും ഹന്സികയും അഹാനയോടുള്ള തങ്ങളുടെ സ്നേഹവും കടപ്പാടും പങ്കുവെച്ചത്. എന്നാല് ഇക്കൂട്ടത്തില് ഇഷാനി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ഏറെ ശ്രദ്ധ നേടുന്നത്.
‘വീട്ടില് ഒരു ചേട്ടന് ഉണ്ടായിരുന്നെങ്കില് എന്ന് പലരും പറയാറുണ്ട്. എന്നാല് നമുക്കൊരു ചേട്ടന്റെയും ആവശ്യമില്ല, കാരണം അമ്മു പത്ത് ചേട്ടന്മാര്ക്ക് തുല്യമാണ്. എല്ലാവരുടെയും ജീവിതത്തില് അമ്മുവിനെപ്പോലെ ഒരു ചേച്ചിയുണ്ടാകണം. ജീവിതത്തില് എന്ത് പ്രതിസന്ധിയോ പ്രശ്നമോ വന്നാലും ഞങ്ങള്ക്ക് മുന്നില് കാവലായി ആദ്യം നില്ക്കുന്നത് അമ്മുവാണ്. ഞങ്ങള് സുരക്ഷിതമായ കരങ്ങളിലാണെന്ന് അമ്മു എപ്പോഴും ഉറപ്പുവരുത്തും,’ എന്നായിരുന്നു ഇഷാനിയുടെ ഹൃദയസ്പര്ശിയായ വാക്കുകള്.
