latest news
അശ്വിന് ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ താരമാണ് ദിയ കൃഷ്ണ. തന്റെ സ്ഥാപനമായ ‘ഓ ബൈ ഓസി’യുടെ നാലാം വാര്‍ഷിക തിളക്കത്തില്‍, ഭര്‍ത്താവ് അശ്വിന് ഗണേഷിന്റെ കരിയര്‍ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദിയ. ഫോളോവേഴ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ചെയ്ത ക്യു ആന്റ് എ വീഡിയോയിലൂടെയാണ് അശ്വിന് ജോലി ഉപേക്ഷിച്ച് സംരംഭത്തിന്റെ അമരത്തേക്ക് എത്തിയതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞത്.
വെറും 100 ചതുരശ്ര അടി മാത്രമുള്ള ചെറിയ മുറിയില്‍ നിന്ന് ആരംഭിച്ച്, ഇന്ന് 5000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം കെട്ടിടത്തിലേക്കും 13 ജീവനക്കാരിലേക്കും വളര്‍ന്ന ബിസിനസ് സാമ്രാജ്യമാണ് ‘ഓ ബൈ ഓസി’. ദിയയുടെ ഭര്‍ത്താവായ അശ്വിന് ഗണേഷ് ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്നു. വിവാഹ ദിവസം പോലും ലാപ്ടോപ്പുമായി ജോലി ചെയ്യുന്ന അശ്വിന്റെ വീഡിയോകള്‍ ഏറെ വൈറലായിരുന്നു. ജോലിക്കൊപ്പം ദിയയെ വ്ലോഗിങ്ങിലും ബിസിനസിലും അശ്വിന് സഹായിച്ചിരുന്നു. രാപ്പകലില്ലാതെ ജോലി ചെയ്യുന്ന അശ്വിനോട് പലരും ജോലി ഉപേക്ഷിച്ച് ദിയയ്ക്കൊപ്പം ചേരാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു.
ഏകദേശം ആറ് മാസം മുമ്പ് അശ്വിന് തന്റെ ഐടി ജോലി ഔദ്യോഗികമായി രാജിവെച്ചു. നിലവില്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ ആണ് അശ്വിന്. ജോലി ചെയ്ത കമ്പനിയില്‍ അര്‍ഹമായ ബഹുമാനമോ ശമ്പളമോ ലഭിച്ചിരുന്നില്ലെന്നും രാത്രി വൈകുവോളം കഷ്ടപ്പെട്ടിട്ടും സ്ട്രെസ് നിറഞ്ഞ ജീവിതമായിരുന്നു അതെന്നും ദിയ പറയുന്നു. ജോലി വിട്ടുവെന്നറിഞ്ഞപ്പോള്‍ ഇരു കുടുംബങ്ങള്‍ക്കും ആശങ്കയുണ്ടായിരുന്നെങ്കിലും, ഇന്ന് അശ്വിന്റെ വരുമാനവും ജീവിതരീതിയും മെച്ചപ്പെട്ടതോടെ എല്ലാവരും സന്തുഷ്ടരാണ്.
‘ഓ ബൈ ഓസിയുടെ മുഖവും ബ്രെയിനും ഞാനാണെങ്കില്‍, അശ്വിനാണ് അതിന്റെ നട്ടെല്ല്,’ എന്നാണ് ദിയ വിശേഷിപ്പിച്ചത്. അശ്വിന് ബിസിനസ് ഏറ്റെടുത്തത് കൊണ്ടാണ് തനിക്ക് കുഞ്ഞിനെയും ബിസിനസിനെയും ഒരുപോലെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
