Connect with us

Screenima

latest news

ഞങ്ങളുടെ ചിരിയും കൊണ്ടാണ് അവള്‍ പോയത്: കല്‍പ്പനയെ ഓര്‍ത്ത് കലാരഞ്ജിനി

മലയാള ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ തനത് ശൈലികൊണ്ട് വിസ്മയം തീര്‍ത്ത സഹോദരിമാരാണ് കലാരഞ്ജിനിയും കല്‍പ്പനയും ഉര്‍വ്വശിയും. വെള്ളിത്തിരയില്‍ നര്‍മ്മത്തിന്റെ മാലപ്പടക്കം തീര്‍ത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കല്‍പ്പനയുടെ അപ്രതീക്ഷിത വിയോഗം ഇന്നും സിനിമാപ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അന്‍പതാം വയസ്സിലാണ് കല്‍പ്പന വിട പറഞ്ഞത്. ആ ചിരി മാഞ്ഞുപോയിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, പ്രിയ സഹോദരിയെക്കുറിച്ചുള്ള നോവുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കലാരഞ്ജിനി.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, കല്‍പ്പന ഇന്നും തങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് കലാരഞ്ജിനി വികാരനിര്‍ഭരമായി പറഞ്ഞത്. ‘അവളില്ലാത്തൊരു ജീവിതം ഞങ്ങള്‍ക്ക് ആര്‍ക്കുമില്ല. ഞങ്ങളുടെ ചിരിയും കൊണ്ടാണ് അവള്‍ പോയത്. എന്റെ മകള്‍ കല്‍പ്പനയുടെ തനിപ്പകര്‍പ്പാണ്, ഉര്‍വ്വശിയുടെ മകള്‍ക്കും നല്ല ഹ്യൂമര്‍ സെന്‍സുണ്ട്. എന്റെ മകള്‍ കൂടെയിരിക്കുമ്പോള്‍ കല്‍പ്പന ഞങ്ങളുടെ ഒപ്പമുണ്ടെന്ന് തന്നെയാണ് ഞങ്ങള്‍ വിചാരിക്കുന്നത്. അവള്‍ എങ്ങും പോയിട്ടില്ല, ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. കല്‍പ്പനയുടെ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ മാറ്റിയിട്ടില്ല. അവളുടെ ഒന്നും ഞങ്ങള്‍ അവിടെനിന്ന് മാറ്റിയിട്ടില്ല, അവളുടെ മേക്കപ്പ് സാധനങ്ങള്‍ പോലും അങ്ങനെതന്നെയുണ്ട്,’ കലാരഞ്ജിനി പറഞ്ഞു.

1977-ല്‍ അഭിനയരംഗത്തെത്തിയ കല്‍പ്പന, പുരുഷ മേധാവിത്വമുണ്ടായിരുന്ന ഹാസ്യലോകത്ത് തന്റേതായ ഇടം വെട്ടിപ്പിടിച്ച പ്രതിഭയായിരുന്നു. സ്വകാര്യജീവിതത്തിലെ വേദനകളെയും പ്രതിസന്ധികളെയും പോലും നര്‍മ്മത്തില്‍ ചാലിച്ച് സ്വതസിദ്ധമായ ചിരിയോടെ നേരിട്ട കലാകാരിയായിരുന്നു അവര്‍. ഹൈദരാബാദില്‍ സിനിമ ചിത്രീകരണത്തിനെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കല്‍പ്പനയുടെ വിയോഗം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’ എന്ന ചിത്രത്തിലെ ‘ക്വീന്‍ മേരി’ എന്ന കഥാപാത്രത്തിലൂടെ വലിയ കയ്യടി നേടിയാണ് താരം യാത്രയായത്. സിനിമയിലും കുടുംബത്തിലും വലിയൊരു ശൂന്യത ബാക്കിവെച്ച് വിടപറഞ്ഞെങ്കിലും, മലയാളി മനസ്സുകളില്‍ കല്‍പ്പന സമ്മാനിച്ച ചിരി മായാതെ നിലനില്‍ക്കുന്നു.

Continue Reading
To Top